ഏപ്രില്‍ മാസത്തിലെ കഠിനമായ ചൂടിലാണ് ഇത്തവണ കേരളം പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. നാളെ രാവിലെ മുതല്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ ശക്തമായ ചൂട് വലിയൊരു വെല്ലുവിളിയാണ്.
നീണ്ട വരിയില്‍ അധിക സമയം കാത്തുനില്‍ക്കുമ്പോള്‍ തന്നെ ശരീരം തളരുന്നത് പോലെ തോന്നിയേക്കാം. അതുകൊണ്ട് തന്നെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ബൂത്തുകളില്‍ നീണ്ട വരിയില്‍ കാത്ത് നില്‍ക്കുമ്പോള്‍ സൂര്യതാപം, നിർജ്ജലീകരണം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അങ്ങനെയെങ്കില്‍, സുരക്ഷിതമായി വോട്ട് രേഖപ്പെടുത്തി തിരിച്ചെത്താൻ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനായി പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ കൈയ്യില്‍ കരുതേണ്ടത് എന്തെല്ലാമെന്ന് നോക്കാം.
വസ്ത്രധാരണം: കറുത്തതോ ഇരുണ്ടതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കി ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രമിക്കുക. ഇത് വായുസഞ്ചാരം ഉറപ്പാക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. മറിച്ച് കറുത്ത വസ്ത്രങ്ങള്‍ ശരീരത്തില്‍ കൂടുതല്‍ ചൂട് ആഗിരണം ചെയ്യും. തലയില്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാൻ തൊപ്പിയോ തട്ടമോ ഉപയോഗിക്കാം.
വെള്ളം കരുതുക: പോളിങ് ബൂത്തുകളില്‍ വെള്ളം ലഭ്യമാണെങ്കിലും, വീട്ടില്‍ നിന്ന് ഒരു കുപ്പി വെള്ളം കരുതുന്നത് വളരെ നല്ലതാണ്. വെറും വെള്ളത്തിന് പകരം ഒരല്പം കഞ്ഞിവെള്ളമോ, ഉപ്പിട്ട നാരങ്ങാവെള്ളമോ, ഒആർഎസ് (ORS) ലായനിയോ കരുതുന്നതാണ് കുറച്ചുകൂടി ഉചിതം. ഇത്തരം പാനീയങ്ങള്‍ ശരീരത്തിലെ ലവണാംശം നിലനിർത്തുകയും നിർജ്ജലീകരണം തടയുകയും ചെയ്യുന്നു.
കുടയും തൊപ്പിയും: വരി നില്‍ക്കുമ്പോള്‍ തണലുകള്‍ ഇല്ലാത്തതിനാല്‍, കൈയ്യില്‍ ഒരു കുടയോ തൊപ്പിയോ കരുതേണ്ടതാണ്. ഒരിക്കലും നേരിട്ട് ശരീരത്തില്‍ വെയില്‍ ഏല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കുക. നല്ല വെയിലുള്ള സമയത്ത് നനഞ്ഞ ഒരു ടവല്‍ കൂടി കൈയ്യില്‍ കരുതുക. ഇടയ്ക്കിടെ മുഖം തുടയ്ക്കാൻ ഇത് നല്ലതാണ്.
സമയക്രമീകരണം: കഴിയുന്നതും രാവിലെ 10 മണിക്ക് മുൻപോ വെയില്‍ താഴ്ന്ന ശേഷം വൈകുന്നേരം നാല് മണിക്ക് ശേഷമോ വോട്ട് ചെയ്യാൻ പോകുന്നതാണ് ഏറ്റവും ഉചിതം. കാരണം ഈ സമയത്ത് കഠിനമായ വെയില്‍ ഒഴിവാക്കാൻ നല്ലതാണ്. ഉച്ചസമയത്താണ് പോകുന്നതെങ്കില്‍ കുടയില്ലാതെ പുറത്തിറങ്ങരുത്.
ബൂത്തില്‍ വരി നില്‍ക്കുമ്പോള്‍ തലകറക്കമോ അമിതമായ ക്ഷീണമോ അനുഭവപ്പെട്ടാല്‍ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുക.

