Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Hormuz Tolls: ഒമാന് നേരെ യുഎസ് ഭീഷണി!; ഹോര്‍മുസ് ടോളില്‍ സഹായിച്ചാല്‍ കടുത്ത ഉപരോധം, പോര് കടുക്കുന്നു?

Hormuz Tolls: ഒമാന് നേരെ യുഎസ് ഭീഷണി!; ഹോര്‍മുസ് ടോളില്‍ സഹായിച്ചാല്‍ കടുത്ത ഉപരോധം, പോര് കടുക്കുന്നു?

TV9 Malayalam 2 weeks ago

വാഷിങ്ടൻ: ഹോർമുസ് കടലിടുക്കില്‍ ടോളിങ് സംവിധാനം ഏർപ്പെടുത്താൻ സഹായിച്ചാല്‍ സഖ്യകക്ഷിയായ ഒമാനെ ലക്ഷ്യമിടുമെന്ന് ഭീഷണിയുമായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്.

അത്തരം നടപടികളില്‍ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികള്‍ക്കും ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. "ഹോർമുസ് കടലിടുക്കില്‍ ടോളിങ് സംവിധാനം ഏർപ്പെടുത്താനുള്ള ഒരു ശ്രമവും വെച്ചുപൊറുപ്പിക്കില്ല. കടലിടുക്കിന് ടോളുകള്‍ സുഗമമാക്കുന്നതിന് നേരിട്ടോ അല്ലാതെയോ സഹായം ചെയ്‌താല്‍ യുഎസ് ട്രഷറി ആക്രമണാത്മകമായി ലക്ഷ്യം വെക്കുമെന്ന് ഒമാൻ അറിഞ്ഞിരിക്കണം. ഒപ്പം പങ്കാളികള്‍ക്ക് പിഴ ചുമത്തപ്പെടും," എക്‌സിലെ ഒരു പോസ്റ്റില്‍ ബെസന്റ് പറഞ്ഞു.

ഒമാനി അംബാസഡറുമായി സംസാരിച്ചതായും നിർണായകമായ ജലപാതയില്‍ ടോള്‍ ഈടാക്കാൻ പദ്ധതിയില്ലെന്ന് ഉറപ്പ് ലഭിച്ചതായും ബെസന്റ് പിന്നീട് വൈറ്റ് ഹൗസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി അവസാന മുതല്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതുമുതല്‍ പശ്ചിമേഷ്യൻ മേഖല കടുത്ത ആശങ്കയിലാണ്. ലോകത്തിലെ ആകെ ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇപ്പോള്‍ യുദ്ധത്തിൻ്റെ നിഴലിലാണ്.

അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇറാൻ

ഇറാൻ്റെ ബുഷെർ പ്രവിശ്യയില്‍ വച്ച്‌ അമേരിക്കൻ വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ്റെ അവകാശവാദം. ഇറാൻ്റെ സ്റ്റേറ്റ് ടെലിവിഷനാണ് യുഎസ് വിമാനം തകർത്തതായി ആദ്യം വാർത്തകള്‍ പുറത്തുവിട്ടത്. ബുഷെർ പ്രവിശ്യയിലെ ജാം മേഖലയില്‍ വെള്ളിയാഴ്ച പുലർച്ചെ ഒരു 'ശത്രുവിമാനം' തടയുകയും അത് വെടിവെച്ചിടുകയും ചെയ്തതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിമാനത്തെ വിജയകരമായി ലക്ഷ്യം വെച്ചതായി ജാം കൗണ്ടി ഗവർണർ മസൂദ് തംഗേസ്താനി പറഞ്ഞതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് മേഖലയില്‍ യുഎസും ഇറാനും തമ്മില്‍ ശക്തമായ പിരിമുറുക്കം നിലനില്‍ക്കുന്നതിനിടയിലാണ് അമേരിക്കൻ വിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ ഇറാൻ്റെ ഈ റിപ്പോർട്ടുകള്‍ യുഎസ് സെൻട്രല്‍ കമാൻഡ് പൂർണ്ണമായും നിഷേധിച്ചു. മേഖലയില്‍ അമേരിക്കൻ വിമാനങ്ങളൊന്നും തന്നെ തകർക്കപ്പെട്ടിട്ടില്ലെന്നും, തങ്ങളുടെ എല്ലാ വ്യോമ ആസ്തികളും സുരക്ഷിതമാണെന്നും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാൻ മാധ്യമങ്ങള്‍ നല്‍കുന്ന വാർത്തകള്‍ തെറ്റാണെന്ന് സെൻട്രല്‍ കമാൻഡ് എക്സിലൂടെ വ്യക്തമാക്കി.

അതേസമയം മേഖലയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. ഹോർമുസ് കടലിടുക്കിന് സമീപം യുഎസുമായി ബന്ധമുള്ള കപ്പലുകള്‍ ഉള്‍പ്പെടെ നാല് കപ്പലുകളെ ഇറാൻ റെവല്യൂഷണറി ഗാർഡ് ലക്ഷ്യം വെച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എണ്ണ വ്യാപാര ശൃംഖലയ്ക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏർപ്പെടുത്തി. ഇറാന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന് എണ്ണ വരുമാനം ഉപയോഗിക്കുന്നത് തടയുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

English Summary:

US Treasury Secretary Scott Bessent on Thursday threatened to target ally Oman if it helped impose a tolling system in the key Strait of Hormuz, warning of sanctions against all parties involved in such actions.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam