വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് യുഎസ് പ്രതിനിധി സഭ.
ഇതുവസംബന്ധിച്ച് പ്രമേയം പാസാക്കി സെനറ്റിലേക്ക് അയച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഡെമോക്രാറ്റുകളോടൊപ്പം ഈ തീരുമാനത്തിനായി പ്രവര്‍ത്തിച്ചു. 215-208 വോട്ടിനാണ് പ്രമേയം പാസായത്. എന്നാല്‍ ട്രംപിന് ഇത് വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്.
അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി ഡൊണാള്‍ഡ് ട്രംപിനുള്ള ഉച്ചത്തിലുള്ള സന്ദേശമാണിത്. ഇറാനിലെ അദ്ദേഹത്തിന്റെ നിയമവിരുദ്ധവും ജനപ്രീതിയില്ലാത്തതുമായ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമാണിത്, എന്ന് ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ഡെമോക്രാറ്റുകള്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
നേരത്തെയും പ്രമേയം പാസാക്കാനുള്ള ശ്രമം ജനപ്രതിനിധി സഭയില്‍ നടന്നിരുന്നു. എന്നാല്‍ മതിയായ വോട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടു. നിലവില്‍ രണ്ട് സഭകളിലും പ്രമേയം വിജയകരമായി പാസായെങ്കിലും വൈറ്റ് ഹൗസില്‍ തടസം നേരിട്ടേക്കാം. പ്രസിഡന്റിന് പ്രമേയം തടയാനുള്ള വീറ്റോ അധികാരമുണ്ട്.
ഇതാദ്യമായാണ് ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ നിര്‍ബദ്ധിക്കുന്ന വിധത്തിലുള്ള നടപടി പ്രതിനിധി സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും പാതയില്‍ കോണ്‍ഗ്രസിന്റെ ഘടനാപരമായ പങ്ക് ഇതുവഴി ഉറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍.
ഫെബ്രുവരി അവസാനത്തോടെ യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇസ്രായേലിനൊപ്പം ഇറാന്‍ ആക്രമിച്ച് ട്രംപ് ഭരണഘടന ലംഘിച്ചുവെന്നാണ് ഡെമോക്രാറ്റുകളുടെ ആരോപണം. രാജ്യത്തെ യുദ്ധ അധികാര നിയമപ്രകാരം, യുഎസ് സേനയെ ആക്രമണങ്ങളിലേക്ക് അയക്കുന്നതിന് അംഗീകാരം നേടാന്‍ 60 ദിവസത്തെ സമയമാണ് പ്രസിഡന്റുമാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. യുദ്ധം ആരംഭിച്ച് ഇതുവരെ ട്രംപ് അനുമതി നേടിയിട്ടില്ല, സമയപരിധി കഴിഞ്ഞയാഴ്ചയോടെ അവസാനിക്കുകയും ചെയ്തു. നിയമം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ട്രംപ് നടത്തുന്നതെന്നും ആരോപണമുണ്ട്.
യുഎസിന് നേരെ ആക്രമണം നടത്തി ഇറാന്‍
ഹോര്‍മുസ് കടലിടുക്കിന് സമീപം വെച്ച് യുഎസിന്റെ യുദ്ധക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍ സൈന്യം. ഇറാന്‍ ആക്രമണം നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും, ഈ വാദം യുഎസ് സൈന്യം നിഷേധിച്ചു. അങ്ങനൊരു ആക്രമണം നടന്നിട്ടില്ലെന്നാണ് യുഎസിന്റെ പ്രതികരണം.
അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുമെന്നാണ് ട്രംപിന്റെ വാദം. ഇറാനുമായുള്ള ചര്‍ച്ചകള്‍ വാരാന്ത്യത്തില്‍ ഫലം കണ്ടേക്കും, ചര്‍ച്ച വളരെ നന്നായി പുരോഗമിക്കുകയാണെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് പറഞ്ഞ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അക്കാര്യം തള്ളി.
കുവൈറ്റില്‍ ഇറാന്‍ ആക്രമണം
കുവൈറ്റില്‍ നിന്നും യുഎസും നടത്തിയ സൈനിക നടപടികള്‍ക്ക് മറുപടിയായി ശക്തമായ ആക്രമണം നടത്തി ഇറാന്‍. കുവൈറ്റിലേക്ക് 30 ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി സൈന്യം അറിയിച്ചു. വ്യോമാതിര്‍ത്തിയില്‍ 13 ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞതായി കുവൈറ്റ് പറയുന്നു.
അതേസമയം, ഒരു രാജ്യത്തെയും ആക്രമിക്കാന്‍ തങ്ങളുടെ പ്രദേശമോ വ്യോമാതിര്‍ത്തിയോ ആരും ഉപയോഗിച്ചിട്ടില്ലെന്നും കുവൈറ്റ് വാദിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ യുഎസ് തിരഞ്ഞെടുത്തത് കുവൈറ്റിനെയാണെന്ന് ഇറാന്‍ പറഞ്ഞു.
English Summary
The US House has passed a resolution aimed at limiting or ending military involvement in the Iran conflict, marking a political setback for Donald Trump. The move reflects growing congressional scrutiny over war powers and US engagement in the region.

