തിരുവനന്തപുരം: 'സീരിയല്‍' സസ്പെൻസ് നിലനിർത്തി ഇന്ന് തിരുവനന്തപുരം കോർപ്പറേഷന്റെ നിർണായക യോഗം നടക്കും.
കാപ്പ കേസില്‍ ജയിലിലായ ബിജെപി നേതാവും വാഴോട്ടുകോണം കൗണ്‍സിലറുമായ ആർ സുഗതൻ പങ്കെടുക്കുമോ എന്നതാണ് ഇന്നത്തെ കൗണ്‍സിലിനെ ശ്രദ്ധേയമാക്കുന്ന പ്രധാന ചോദ്യം. ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കില്‍ സുഗതന് അയോഗ്യത ഭീഷണി നിലനില്‍ക്കുന്നുണ്ട്. സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്. അതിനാല്‍ത്തന്നെ ഇന്ന് കൂടി പങ്കെടുത്തില്ലെങ്കില്‍ സുഗതനെതിരേ അയോഗ്യത നടപടി വേണ്ടിവരും. ഇത് ഒഴിവാക്കാൻ, സുഗതന്റെ അവധി അപേക്ഷ ഇന്ന് ഏത് വിധേനയും പാസാക്കാനാണ് ബിജെപി നീക്കം.
1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗത്തിന് അയോഗ്യത കല്‍പിക്കാൻ വ്യവസ്ഥയുണ്ട്. ഇതാണ് സുഗതന് കുരുക്കായത്. അയോഗ്യത മറികടക്കാൻ അഭിഭാഷകൻ മുഖാന്തരം ആറ് മാസം അവധി ആവശ്യപ്പെട്ടുള്ള അപേക്ഷ മേയർ വി.വി. രാജേഷിന് സുഗതൻ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം സുഗതന്റെ അവധി അപേക്ഷയെ ഏത് വിധേനയും ചെറുക്കാനും സുഗതന്റെ ജയില്‍വാസം ബിജെപിക്ക് എതിരേയുള്ള മുഖ്യ ആയുധമാക്കാനുമാണ് പ്രതിപക്ഷത്തിന്റെ നീക്കം. പക്ഷേ ബിജെപി ഇതിനെ കാര്യമാക്കുന്നില്ല. ഒരു അയോഗ്യത ഭീഷണിയും ഇല്ലെന്നും അവധി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കും എന്നുമാണ് മേയർ വിവി രാജേഷിന്റെ നിലപാട്.
കാപ്പ കേസ് പ്രതിക്ക് എങ്ങനെയാണ് അവധി ഇളവ് നല്‍കുക എന്നാണ് എല്‍ഡിഎഫും യുഡിഎഫും ചോദിക്കുന്നത്. കൗണ്‍സില്‍ യോഗം കഴിഞ്ഞാല്‍ സുഗതനെ അയോഗ്യനാക്കാൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സുഗതന്റെ ജയില്‍വാസത്തെ തുടർന്ന് ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത ചില രാഷ്ട്രീയ നീക്കങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനില്‍ അരങ്ങേറിയത്.
ഒരു ജനപ്രതിനിധി ജയിലില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു എന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി സംഭവിച്ചത് സുഗതന്റെ കാര്യത്തിലായിരുന്നു. കൗണ്‍സിലർമാർ വിവിധ ദൈവങ്ങളുടെ പേരുകളില്‍ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കിയ കോടതി വിധിയെ തുടർന്ന് സുഗതൻ ഉള്‍പ്പെടെയുള്ളവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുകയും അയോഗ്യനാകാതിരിക്കാൻ സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ വച്ച് നടത്തുകയും ചെയ്തത് സംസ്ഥാനത്ത് ഏറെ ചർച്ചയായിരുന്നു.
സത്യപ്രതിജ്ഞ സംബന്ധിച്ച തലവേദനകള്‍ ഒരുവിധം അവസാനിച്ചതിന് പിന്നാലെയാണ് സുഗതന്റെ ജയില്‍വാസം വീണ്ടും അയോഗ്യത ഭീഷണിയുടെ രൂപത്തില്‍ ബിജെപിക്ക് വെല്ലുവിളിയായിരിക്കുന്നത്. ജൂണ്‍ 9 മുതല്‍ കാപ്പ ചുമതി നാടുകടത്തപ്പെട്ട സുഗതൻ നിലവില്‍ വിയ്യൂർ സെൻട്രല്‍ ജയിലിലാണ്. ഇന്ന് സുഗതന്റെ അവധി അപേക്ഷ ബിജെപി പാസാക്കിയെടുത്താലും അതിനെ നിയമപരമായി നേരിടാൻ തന്നെയാണ് എല്‍ഡിഎഫ് നീക്കം.
നൂറ് അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനില്‍ 1 സ്വതന്ത്രൻ ഉള്‍പ്പെടെ 51 അംഗങ്ങളുടെ ബലത്തിലാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ കൗണ്‍സിലർ സ്ഥാനം അയോഗ്യമാക്കപ്പെട്ടാല്‍ അത് നേരിയ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന ബിജെപിയുടെ ഭരണത്തിനും വലിയ വെല്ലുവിളിയാകും. അതിനാല്‍ ഇന്ന് സുഗതന്റെ അവധി അപേക്ഷ കൗണ്‍സിലില്‍ ബിജെപി പാസാക്കിയെടുക്കുമെന്ന് ഉറപ്പാണ്. അതേസമയം, അവധി പാസായാല്‍ പ്രതിപക്ഷവും തള്ളിയാല്‍ ബിജെപിയും കോടതിയിലേക്ക് പോകും എന്നത് ഉറപ്പാണ്.
English Summary
A crucial meeting of the Thiruvananthapuram Corporation will be held today. The main question that makes today's council noteworthy is whether BJP leader and Vazhottukonam councilor R. Sugathan, who is in jail in the Kappa case, will attend. Today is the third council meeting in a row that Sugathan has not attended. Therefore, if he does not attend today too, disqualification action will be required against Sugathan, which makes today's meeting notable.

