പതിനാറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. രാവിലെ 7 മണിയോടെ തന്നെ ജനങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുവാനായി ബൂത്തുകളില്‍ എത്തിച്ചേരുകയാണ്.
അതിരാവിലെ തന്നെ ബൂത്തുകളില്‍ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. കൊടും വേനലില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ സമയം കൂടുന്നതിനനുസരിച്ച് വെയിലിന്റെ കാഠിന്യം വർദ്ധിക്കും. അതിനാല്‍ തന്നെ ക്യൂവില്‍ നില്‍ക്കുന്ന ആളുകളെ സംബന്ധിച്ച് ആരോഗ്യം ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.
പ്രധാനമായും നില്‍ക്കുമ്പോള്‍ നിർജലീകരണം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും കാരണമായേക്കാം. അതിനാല്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുവാൻ പോകുന്നവർ ശ്രദ്ധിക്കേണ്ടതാണ്.
മുൻകൂട്ടി വെള്ളം കുടിക്കുക
വോട്ട് ചെയ്യാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ നന്നായി വെള്ളം കുടിച്ച് ശരീരത്തില്‍ വെള്ളം സംഭരിക്കുക. കൂടാതെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ കുടിക്കാനായി ഒരു കുപ്പി വെള്ളം കരുതുക. വലിയ നീണ്ട വരിയാണെങ്കില്‍ ചെറിയ അളവില്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. ഈ സമയത്ത് ചായ, കാപ്പി, കൃത്രിമ മധുരമുള്ള ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുവാനായി ശ്രമിക്കുക.
ഭക്ഷണക്രമം
വോട്ട് ചെയ്യാൻ പോകുന്നതിനു മുന്നായി ധാരാളം പഴവർഗ്ഗങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. പ്രധാനമായും തണ്ണിമത്തൻ, ഓറഞ്ച്, വെള്ളരിക്ക തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എണ്ണയില്‍ വറുത്തതും ഉപ്പ് അതികമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ശരീരത്തിലെ ജലാംശം ഇല്ലാതാക്കും. കൂടാതെ കഠിനമായ വെയിലില്‍ നിന്ന് രക്ഷ നേടുന്നതിനായി കുടയോ വീതിയുള്ള തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്. വസ്ത്രം ധരിക്കുമ്പോഴും ശ്രദ്ധിക്കുക അയഞ്ഞതും ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയർപ്പ് കുറയ്ക്കാനും ശരീരത്തില്‍ ഒരു തണുപ്പ് ഉണ്ടാക്കുവാനും സഹായിക്കും.
കൂടാതെ ശരീരത്തിലെ ലവണാംശം നിലനിർത്തുന്നതിനായി നാരങ്ങ വെള്ളമോ ലായനിയോ കുളിക്കുന്നതും നല്ലതാണ്. കൂടാതെ വെയില്‍ കൂടുന്നതിന് മുമ്പായി വോട്ട് ചെയ്യുവാനായി ശ്രമിക്കുക. എന്തെങ്കിലും ശാരീരികമായി അസ്വസ്ഥതകള്‍ തോന്നുകയാണെങ്കില്‍ അതായത് തലകറക്കം അമിതമായി ക്ഷീണമോ തോന്നുന്നുണ്ടെങ്കില്‍ ഉടനെ തണലിലേക്ക് മാറുക.

