തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് (Kerala Rain Alert) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
മഴ സാധ്യതയെ തുടന്ന് ഇന്ന് കൂടുതല്‍ ജില്ലകളിലേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും ബാക്കി ജില്ലകളില്‍ ഗ്രീൻ അലർട്ടുമാണ് നിലനില്‍ക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരും മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ, കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ആഞ്ചാ തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ മുന്നറിയിപ്പുള്ളതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
യെല്ലോ അലർട്ട്
1. രണ്ടാം തീയതി (ഇന്ന്): ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ യെല്ലോ അലർട്ട്. മറ്റ് ജില്ലകളില്‍ എല്ലാം ഗ്രീൻ അലർട്ട്.
2. മൂന്നാം തീയതി (ഞായർ): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലർട്ട്. മറ്റ് ജില്ലകളില്‍ എല്ലാം ഗ്രീൻ അലർട്ട്.
3. നാലാം തീയതി (തിങ്കള്‍): ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ട്. മറ്റ് ജില്ലകളില്‍ എല്ലാം ഗ്രീൻ അലർട്ട്.
സംസ്ഥാനത്ത് ചൂട് കുറയുമോ?
പൊതുവെ സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന ചൂട് മൂലം സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുന്ന വേനല്‍മഴയെ തുടർന്ന് അസഹനീയമായ ചൂടിന് അല്പം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും ശക്തമായ വേനല്‍മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യം തുടർന്നാല്‍ വരും ദിവസങ്ങളിലും ചൂട് കുറയാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ പൂർണമായും വേനല്‍ചൂട് കുറഞ്ഞെന്ന് സ്ഥിരീകരീക്കാനാകില്ല. നിലവില്‍ ഏപ്രിലില്‍ ലഭിക്കേണ്ട വേനല്‍ മഴയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുവെ ഏപ്രിലിൻ്റെ തുടക്കത്തില്‍ മഴ വളരെ കുറവായിരുന്നു. അവസാന ആഴ്ച്ചയോടെയാണ് വേനല്‍മഴ ശക്തമായി ലഭിക്കാൻ തുടങ്ങിയത്.
വേനല്‍ കടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
- പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
- അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാൻ പാടില്ല.
- ചൂട് കൂടുന്ന സാഹചര്യത്തില്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
- പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
English Summary:
The India Meteorological Department (IMD) has issued Yellow Alert for eight districts in Kerala today, May 2, 2026. Alappuzha, Kottayam, Idukki, Ernakulam, Thrissur, Kozhikode, Wayanad, and Kannur Districts Have Chance of slight summer rain today. Also issued warning on Thunder And lightning.

