തിരുവനന്തപുരം: കേരളത്തിലാകെ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകും എന്നും മുന്നറിയിപ്പില്‍ പ്രത്യേകം പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മഴ മുന്നറിയിപ്പില്‍ പറയുന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുലർച്ചെ നാല് മണിക്ക് പുറപ്പെടുവിച്ച ദിനാന്തരീക്ഷ മുന്നറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം അതിനാല്‍ യെല്ലോ അലേർട്ട് വിവിധ ജില്ലകളില്‍ തുടരും
യെല്ലോ അലേർട്ട്
17/10/2026: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്
18/10/2026: കോഴിക്കോട്, വയനാട്, കണ്ണൂർ
19/10/2026: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ്
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചത്. കാലവർഷം രാജ്യത്ത് നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു. തെക്കുകിഴക്കൻ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 1.5 മുതല്‍ 4.5 കിലോമീറ്റർ വരെ ഉയരത്തില്‍ ഉയർന്ന ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കൻ തമിഴ്നാട് തീരത്തിന് മുകളില്‍ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനഫലമായി കേരളത്തില്‍ ഒക്ടോബർ 19 വരെയുള്ള മഴ തുടരനാണ് സാധ്യത. ഇടിമിന്നലും, ശക്തമായ കാറ്റും ഉണ്ടായേക്കാം എന്നതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അന്തോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
English Summary
The IMD issued a yellow alert across all 14 districts of Kerala due to heavy rainfall and thunderstorms driven by active cyclonic circulations, with adverse weather expected until October 19.

