Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Kerala Rain Alert: പെയ്തിറങ്ങി കാലവര്‍ഷം! തെക്കൻ ജില്ലകളില്‍ തോരാമഴ; വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം

Kerala Rain Alert: പെയ്തിറങ്ങി കാലവര്‍ഷം! തെക്കൻ ജില്ലകളില്‍ തോരാമഴ; വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം

TV9 Malayalam 2 weeks ago

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളില്‍ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് മഴ ലഭിക്കുന്നത്.

കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ എട്ട് മണിയോട് കൂടി ഡാമിന്റെ രണ്ട്, അഞ്ച് നമ്പർ ഷട്ടറുകള്‍ 20 സെന്റീമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 10 സെന്റി മീറ്റർ ഉള്‍പ്പടെ ആകെ 50 സെന്റീമീറ്റർ) തുറന്നുവിട്ടിരിക്കുകയാണ്. അതിനാല്‍ ഡാമിൻ്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ല കളക്ടർ അറിയിച്ചു.

അതേസമയം, കേരളത്തിലെ അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

കള്ളക്കടല്‍ മുന്നറിയിപ്പ്

കള്ളക്കടല്‍ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് 29 (നാളെ-ശനി) രാത്രി 11.30 വരെ 0.8 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. അതുപോലെ തന്നെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ 1.2 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) വ്യക്തമാക്കി.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് പൂർണമായും ഒഴിവാക്കണം. മല്‍സ്യബന്ധന യാനങ്ങളായ ബോട്ട്, വള്ളം, മുതലായവ ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഈ സാഹചര്യത്തില്‍ പൂർണമായും ഒഴിവാക്കുക.

കാലവർഷം എപ്പോള്‍?

സംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലമായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചത്. എല്‍നിനോ പ്രതിഭാസം കാലവർഷത്തെ സാരമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 26ഓടെ കേരളത്തില്‍ കാലവർഷം എത്തുമെന്നാണ് നേരത്തെ പ്രവചിച്ചിരുന്നത്. എന്നാല്‍ നിലവില്‍ കേരളത്തില്‍ കാലവർഷത്തിൻ്റേതായ യാതൊരു മാറ്റവും ഇല്ല. ഒരു ജില്ലയിലും കാലവർഷത്തിന് സമാനമായ ശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് തെക്കൻ കേരളത്തില്‍ പലയിടങ്ങളിലും മഴ ലഭിച്ചിട്ടുണ്ട്.

മണ്‍സൂണ്‍ കാറ്റ് ദുർബലമായതിനാല്‍, സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ വൈകുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച്‌, ജൂണ്‍ അഞ്ച് ഓടെ മാത്രമേ കാലവർല്‍ം കേരളത്തില്‍ എത്തുകയുള്ളൂ എന്നാണ് നിഗമനം. ശക്തമായ മഴയോടെയാകും ഇത്തവണ സ്കൂള്‍ തുറക്കുന്നത് എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ജൂണ്‍ ആദ്യവാരം മുതല്‍ തന്നെ മഴ ശക്തമാകാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

English Summary:

Kerala Latest Rain Alert Predict Heavy Rainfall In Southern Part Of The Region. IMD Predict Next Five Days Weather Forecast And Monsoon Path. Check The Latest Update On Kerala Weather Alert And Fisherman Warnings Today May 28.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam