Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Kerala Rain Travel Alert: ശക്തമായ മഴ; പൊൻമുടി അടച്ചു, പാലക്കാട് മലയോര മേഖലയിലേക്കും പ്രവേശനമില്ല

Kerala Rain Travel Alert: ശക്തമായ മഴ; പൊൻമുടി അടച്ചു, പാലക്കാട് മലയോര മേഖലയിലേക്കും പ്രവേശനമില്ല

TV9 Malayalam 6 days ago

തിരുവനന്തപുരം: കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് തലസ്ഥാന നഗരിയില്‍ പെയ്ത ശക്തമായ മഴയെ തുടർന്ന് പൊൻമുടിയില്‍ മണ്ണിടിച്ചില്‍.

ഇതേതുടർന്ന് പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു. കല്ലാർ - പൊന്മുടി റോഡില്‍ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായതായാണ് റിപ്പോർട്ട്. ഇന്നലെ രാത്രി മലയോര മേഖലയില്‍ ലഭിച്ച ശക്തമായ മഴയെ തുടർന്നാണ് പൊന്മുടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടിയിലേക്കുള്ള യാത്ര പൂർണമായും നിരോധിച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. കൂടാതെ രാത്രി യാത്രയും നിരോധിച്ചിട്ടുണ്ട്.

: മഴ മുന്നറിയിപ്പില്‍ മാറ്റം! ഇന്നും നാളെയും അതിതീവ്ര മഴ; റെഡ് അലർട്ട് തുടരും

അടച്ച മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

വടക്കൻ കേരളത്തില്‍ കഴിഞ്ഞ കുറച്ച്‌ ദിവസമായി ലഭിക്കുന്ന ശക്തമായ മഴയെത്തുടർന്ന് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയും അടച്ചതായി അധികൃതർ അറിയിച്ചു. ഇന്നും നാളെയും മേഖലയിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. കനത്ത മഴയെ തുടർന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടവും അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവില്‍ മേഖലയില്‍ ഉള്‍വനത്തില്‍ കനത്ത മഴയാണ് പെയ്യുന്നത്.

മലമ്പുഴയിലെ കവയിലും സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മലയോര മേഖലകള്‍, വെള്ളച്ചാട്ടങ്ങള്‍, നദികള്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിനോദ സഞ്ചാരം പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം മേഖലകളിലെ അധികാരികള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും താല്‍ക്കാലികമായി നിരോധിച്ചു. കൂടാതെ ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അതേപോലെ കൊട്ടാരക്കര-ദിഡിഗല്‍ ദേശീയപാതയില്‍ രാത്രിയാത്ര നിരോധിച്ചു.

ഇടുക്കിയിലെ വിവിധ മേഖലകളിലുള്ള വിനോദ സഞ്ചാരത്തിന് നിയന്ത്രണം. നിലവില്‍ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കണം. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജലവിനോദങ്ങളും നിരോധിച്ചു. ദുരന്ത സാധ്യതാ മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും നിരോധിച്ചു. റെഡ് അലര്‍ട്ട് പിന്‍വലിക്കുന്നതു വരെ മലയോര മേഖലയില്‍ വൈകിട്ട് 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്ര നിരോധിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിലാണ് റെഡ്, ഓറഞ്ച് അലർട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച്‌ ഇപ്പോഴത്തെ മഴ മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും നിലനില്‍ക്കുന്നുണ്ട്.

English Summary:

Ponmudi eco tourism and other tourist destinations in Kerala's hilly regions are closed due to heavy rains and landslides. This closure affects popular spots across Kerala. Check the complete list of closure regions.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam