തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗണ്‍സിലിന് കീഴിലുള്ള വിവിധ കോളജ് സ്പോർട്‌സ് അക്കാദമികളിലേക്ക് 2026-27 അധ്യയന വർഷത്തെ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു.
ഡിഗ്രി ഒന്നാം വർഷ ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ഈ മാസം വിവിധ കേന്ദ്രങ്ങളില്‍ സോണല്‍ സെലക്ഷൻ സംഘടിപ്പിക്കുന്നത്.
അത്‌ലറ്റിക്‌സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ്‌ബോള്‍, ബോക്സിങ്, ആർച്ചറി, നീന്തല്‍, കബഡി, ഖൊ-ഖൊ തുടങ്ങി ഇരുപതിലധികം കായിക ഇനങ്ങളിലാണ് പുരുഷ-വനിതാ താരങ്ങളെ തെരഞ്ഞെടുക്കുന്നത്. അതത് ഇനങ്ങളില്‍ സംസ്ഥാന ചാമ്പ്യൻഷിപ്പുകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവർക്ക് സെലക്ഷനില്‍ പങ്കെടുക്കാം.
സെലക്ഷൻ തീയതികളും കേന്ദ്രങ്ങളും
- ഏപ്രില്‍ 17: മുനിസിപ്പല്‍ സ്റ്റേഡിയം, തലശ്ശേരി (കണ്ണൂർ).
- ഏപ്രില്‍ 18: ഫിസിക്കല്‍ എജ്യൂക്കേഷൻ കോളജ്, ഈസ്റ്റ് ഹില്‍ (കോഴിക്കോട്).
- ഏപ്രില്‍ 20: തോപ്പ് സ്റ്റേഡിയം, തൃശൂർ.
- ഏപ്രില്‍ 21: സെന്റ് ഡൊമനിക് കോളജ്, കാഞ്ഞിരപ്പിള്ളി (കോട്ടയം).
- ഏപ്രില്‍ 23: യൂണിവേഴ്സിറ്റി സ്റ്റേഡിയം, പാളയം (തിരുവനന്തപുരം).
- ഏപ്രില്‍ 27: ഗോപിനാഥ് സ്റ്റേഡിയം, കലവൂർ (കനോയിങ്, കയാക്കിങ്, റോവിങ് എന്നിവയ്ക്ക് മാത്രം).
ഹാജരാക്കേണ്ട രേഖകള്‍
കായിക രംഗത്ത് മികവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മികച്ച പരിശീലനത്തോടൊപ്പം ഉപരിപഠനവും ഉറപ്പാക്കാൻ ഈ സെലക്ഷൻ വഴി സാധിക്കും. സെലക്ഷനില്‍ പങ്കെടുക്കാൻ താല്‍പ്പര്യമുള്ളവർ യോഗ്യതകള്‍ തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളും രേഖകളുമായി നിശ്ചിത കേന്ദ്രങ്ങളില്‍ എത്തണം. കായിക പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, ആധാർ കാർഡ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകള്‍, അതത് കായിക ഇനങ്ങള്‍ക്കാവശ്യമായ സ്പോർട്‌സ് കിറ്റ്, എന്നിവയാണ് കയ്യില്‍ കരുതേണ്ടത്.

