Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേട്ട വാര്‍ത്തകള്‍ സത്യമാകാൻ മഞ്ഞപ്പട പ്രാര്‍ഥിച്ചോളൂ! കൊലകൊമ്പനായി കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും

കേട്ട വാര്‍ത്തകള്‍ സത്യമാകാൻ മഞ്ഞപ്പട പ്രാര്‍ഥിച്ചോളൂ! കൊലകൊമ്പനായി കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരും

TV9 Malayalam 3 weeks ago

കൊച്ചി: ''മിടുക്കനായിരുന്നു പിന്നീട് എന്തൊക്കെയോ സംഭവിച്ചു'' എന്ന സിനിമാ ഡയലോഗ് കേട്ടിട്ടുണ്ടോ, ഈ ഡയലോഗ് ഇന്ന് ഏറ്റവുമധികം ചേരുന്ന ഒരു ഫുട്ബോള്‍ ടീമാണ് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC).

മലയാളികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടമായി, ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിൻ തെണ്ടുല്‍ക്കറുടെ അ‌നുഗ്രഹാശിസുകളോടെ, അ‌ദ്ദേഹം സഹ ഉടമയായി തുടക്കം കുറിക്കപ്പെട്ട കേരളത്തിന്റെ ഐഎസ്‌എല്‍ ടീം. സച്ചിന്റെ "മാസ്റ്റർ ബ്ലാസ്റ്റർ" എന്ന വിശേഷണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'കേരള ബ്ലാസ്റ്റേഴ്സ്' എന്ന പേരില്‍ ഐഎസ്‌എല്ലില്‍ അ‌രങ്ങേറിയ മലയാളികളുടെ സ്വന്തം ടീം, ആരാധകരുടെ പിന്തുണകൊണ്ട് ആഗോളതലത്തിലെ വമ്പൻ ക്ലബ്ബുകളുടെ പേരിനോടൊപ്പം ചേർത്തുവച്ച്‌ ചർച്ച ചെയ്യപ്പെട്ട ടീം, അ‌ങ്ങനെ പലതുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എല്‍) മുഖമായിരുന്നു ഒരുകാലത്ത് ബ്ലാസ്റ്റേഴ്സ്. ആദ്യ സീസണില്‍ തന്നെ ഫൈനലില്‍ എത്തി ബ്ലാസ്റ്റേഴ്സ് വലിയൊരുസംഘം ആരാധകരുടെ പിന്തുണ സ്വന്തമാക്കി. തങ്ങള്‍ക്ക് ലഭിച്ച ഫുട്ബോള്‍ ടീമിനെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കൊച്ചിയില്‍ കേരളത്തിന്റെ കളി നടക്കുന്ന ദിവസങ്ങളില്‍ സ്റ്റേഡിയം പ്രകമ്പനം കൊണ്ടിരുന്നതിന്റെ അ‌ലയൊലികള്‍ അ‌ന്താരാഷ്ട്ര തലത്തില്‍ വരെ ചെന്നെത്തി.

എന്നാല്‍ പിന്നീട് എന്തൊക്കെയോ സംഭവിച്ചു, സച്ചിൻ ഉള്‍പ്പെടെ ടീം വിട്ടു, ഒടുവില്‍ ഏറ്റവും വലിയ ശക്തിയായിരുന്ന ആരാധകർ വരെ കൈയൊഴിഞ്ഞ് ഇപ്പോള്‍ പ്രതിസന്ധികളുടെ പടുകുഴിയില്‍പ്പെട്ടുകിടക്കുകയാണ് ബ്ലാസ്റ്റേഴ്സ്. എന്നാല്‍ പ്രതാപകാലത്തേക്ക് കേരളത്തിന്റെ സ്വന്തം കൊമ്പനെ തിരിച്ചുകൊണ്ടുവരാൻ ഇപ്പോള്‍ വഴി തെളിഞ്ഞിരിക്കുന്നു എന്നാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആരാധകർ ഉള്‍പ്പെടെ കൈവിട്ട് തകർന്ന്, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും വില്‍ക്കാൻ ഉടമകളായ മാഗ്‌നം സ്പോർട്സ് തീരുമാനിച്ചിരുന്നു. എന്നാല്‍ വില്‍പ്പന നടക്കാഞ്ഞതിനാല്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാവി എന്താകും എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശങ്ക നിലനിന്നിരുന്നു. പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന ചില റിപ്പോർട്ടുകള്‍ പറയുന്നത് വിദേശ മലയാളി ഉള്‍പ്പെടുന്ന കണ്‍സോർഷ്യം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ വാങ്ങാൻ ധാരണയിലെത്തിയിട്ടുണ്ട് എന്നാണ്.

ക്ലബ് വില്‍ക്കാൻ 150 കോടി രൂപയാണു മാഗ്‌നം ആവശ്യപ്പെട്ടിരുന്നതെങ്കിലും അത്രയും തുക ചെലവിടാൻ ആരും തയാറായിരുന്നില്ല. നിലവില്‍ 120 കോടിക്ക് വില്‍പ്പന സംബന്ധിച്ച്‌ ധാരണയായി എന്നാണ് റിപ്പോർട്ട്. അ‌ധികം വൈകാതെ ടീമിന്റെ കൈമാറ്റവും പുതിയ ഉടമസ്ഥതയും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

ബ്ലാസ്റ്റേഴ്സിന് പ്രതാപകാലത്തേക്ക് മടങ്ങാൻ കഴിയുന്ന നിലയിലേക്ക് വമ്പൻ താരങ്ങളെയും പുതിയ കോച്ചിനെയും ഉള്‍പ്പെടെ രംഗത്തിറക്കാൻ ശേഷിയുള്ള ശക്തരായ ഉടമകളാണ് പുതിയതായി വരാൻ പോകുന്നത് എന്നാണ് സൂചന. പുതിയ ഉടമകളുടെ കടന്നുവരവ് ബ്ലാസ്റ്റേഴ്സിന്റെ ടീമിലെ പന്ത്രണ്ടാമനായ മഞ്ഞപ്പടയെയും തിരികെക്കൊണ്ടുവരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മുൻപ് കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളില്‍ പതിനായിരക്കണക്കിന് ആരാധകർ മഞ്ഞക്കുപ്പായമിട്ട് ഒഴുകിയെത്തിയിരുന്നു.

മഞ്ഞപ്പട

ഐഎസ്‌എല്ലില്‍ മറ്റൊരു ടീമിനും ലഭിക്കാത്തത്ര ആരാധക പിന്തുണയുള്ള ടീമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. സ്റ്റേഡിയം മഞ്ഞക്കടലായി മാറ്റിയ മഞ്ഞപ്പട ഏഷ്യയിലെ തന്നെ ഏറ്റവും ആവേശകരമായ അന്തരീക്ഷമുള്ള ഹോം ഗ്രൗണ്ടായി കൊച്ചിയെ മാറ്റി. ടീമിലെ വിദേശ താരങ്ങളെയും ആഭ്യന്തര താരങ്ങളെയും സ്വന്തം പോല സ്നേഹിച്ചകാലം മഞ്ഞപ്പടയ്ക്കുണ്ട്. ആ സ്നേഹത്തിന് മുന്നില്‍ കീഴടങ്ങിയ പ്രമുഖർ അ‌നവധിയാണ്.

ഇതുവരെയുള്ള സീസണുകളിലായി കേരളത്തിന്റെ മനസ് കവർന്ന നിരവധി ബ്ലാസ്റ്റേഴ്സ് താരങ്ങളുണ്ട്. അ‌തില്‍ ആദ്യ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഹീറോയായ ഹ്യൂമേട്ടൻ (ഇയാൻ ഹ്യൂം) മുതല്‍ ജോസൂട്ടൻ (സ്പാനിഷ് താരം ഹോസു കുറെയ്സ്), ഓഗ്ബെച്ചെ (നൈജീരിയൻ സ്‌ട്രൈക്കർ), ഡിമിത്രിയോസ് ഡയമന്റാകോസ് (ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം), അഡ്രിയാൻ ലൂണ (ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ മിഡ്‌ഫീല്‍ഡറും ക്യാപ്റ്റനും) വരെ നിരവധി വിദേശ താരങ്ങളുണ്ട്.

ഡേവിഡ് ജയിംസ് മുതല്‍ ആശാൻ എന്ന് വിളിപ്പേര് കിട്ടിയ ഐവാൻ വുകോമനോവിച്ച്‌ വരെയുള്ള കോച്ചുമാരും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹം അ‌നുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇന്നും വെറുമൊരു ക്ലബ് എന്നതിനപ്പുറമൊരു ബന്ധം ഇവർക്കെല്ലാം ബ്ലാസ്റ്റേഴ്സുമായി ഉണ്ട്. അ‌തിന് കാരണം മഞ്ഞപ്പടയും കേരളത്തിലെ ഫുട്ബോള്‍ ആരാധകരും നല്‍കിയ സ്നേഹമായിരുന്നു. എന്നാല്‍ ടീം ഉടമകളുടെ നടപടികളിലും ടീമിന്റെ തുടർ തോല്‍വികളിലും പ്രതിഷേധിച്ച്‌ ഏറ്റവും വലിയ ശക്തിയായ മഞ്ഞപ്പട തന്നെ ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ സീസണില്‍ കൈവിട്ടു.

ബ്ലാസ്റ്റേഴ്സിനെ വാങ്ങുന്ന പുതിയ ഉടമകളെ സംബന്ധിച്ച്‌ ഇനി ടീമിനെ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം. നല്ല കളിക്കാരെ എത്തിക്കുന്നത് മുതല്‍ ടീമിന്റെ ഹോം ഗ്രൗണ്ട് സെറ്റ് ചെയ്യുന്നതില്‍ വരെ വീഴ്ചകള്‍ പരിഹരിക്കാൻ പുതിയ മാനേജ്മെന്റിന് കഴിഞ്ഞാല്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ സമ്പത്തായ മഞ്ഞപ്പട പൂർവാധികം ശക്തിയോടെ കൊച്ചി സ്റ്റേഡിയത്തേിലേക്ക് ഒഴുകിയെത്തുന്ന കാഴ്ച കേരളം വീണ്ടും കാണും. അ‌തിനാല്‍ നിലവില്‍ കേള്‍ക്കുന്ന വാർത്തകളൊക്കെ സത്യമാകണേ എന്ന് മഞ്ഞപ്പട ആത്മാർഥമായി പ്രാർഥിച്ചോളൂ, ഫലം കിട്ടിയേക്കും.

English Summary

A consortium including overseas Malayalis has reportedly reached an agreement to buy Kerala Blasters FC. Magnum had asked for Rs 150 crore to sell the club, but no one was willing to spend that much. Currently, it is reported that an agreement has been reached regarding the sale for Rs 120 crore. There will be an official confirmation regarding the transfer of the team and the new ownership soon.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam