Dailyhunt
Kyle Jamieson: വൈഭവിനെ വിരട്ടിയ ജാമിസണെ പിടികൂടി 'ബിസിസിഐ'; നല്‍കിയത് ഈ ശിക്ഷ

Kyle Jamieson: വൈഭവിനെ വിരട്ടിയ ജാമിസണെ പിടികൂടി 'ബിസിസിഐ'; നല്‍കിയത് ഈ ശിക്ഷ

TV9 Malayalam 1 week ago

യ്പുര്‍, 2-5-2026: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ വൈഭവ് സൂര്യവംശിയുടെ വിക്കറ്റെടുത്ത ശേഷം നടത്തിയ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഡല്‍ഹി പേസര്‍ കൈല്‍ ജാമിസണെതിരെ നടപടി സ്വീകരിച്ച്‌ ബിസിസിഐ.

ഒരു ഡീമെറിറ്റ് പോയിന്റും, മുന്നറിയിപ്പുമാണ് ബിസിസിഐ നല്‍കിയത്. മറ്റൊരു താരത്തെ അപമാനിക്കുന്നതോ, മോശമായി പെരുമാറുന്നതോ ആയ പ്രവൃത്തികള്‍ നടത്തിയതിനാണ് നടപടി സ്വീകരിച്ചതെന്ന് ഐപിഎല്‍ പ്രസ്താവനയില്‍ അറിയിച്ചു. ജാമിസണ്‍ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമുള്ള ലെവല്‍ 1 കുറ്റം ചെയ്തതായി കണ്ടെത്തി. ജാമിസണ്‍ കുറ്റം സമ്മതിക്കുകയും മാച്ച്‌ റഫറി രാജീവ് സേത്ത് ചുമത്തിയ ശിക്ഷ അംഗീകരിക്കുകയും ചെയ്തു.

രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് വൈഭവ് പുറത്തായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ വൈഭവ് ബൗണ്ടറി നേടിയിരുന്നു. ജാമിസണ്‍ എറിഞ്ഞ രണ്ടാം പന്ത് തകര്‍പ്പനൊരു യോര്‍ക്കറായിരുന്നു. ഇത് പ്രതിരോധിക്കാനാകാതെ വൈഭവ് പുറത്തായി. തുടര്‍ന്ന് വൈഭവിന്റെ മുഖത്ത് നോക്കി ജാമിസണ്‍ 'അഗ്രസീവ്' ആയി ആഘോഷിച്ചു.

വീഡിയോ കാണാം

വിമര്‍ശനം വ്യാപകം

വെറും 15 വയസ് മാത്രം പ്രായമുള്ള വൈഭവിനെതിരെ ഇത്തരമൊരു സമീപനം സ്വീകരിച്ചതിന് ജാമിസനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വൈഭവിനെ ജാമിസണ്‍ അത്രത്തോളം ഭയപ്പെടുന്നുവെന്നായിരുന്നു ചിലരുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം, വൈഭവിനെ പ്രശംസിച്ച്‌ ജാമിസണ്‍ രംഗത്തെത്തി. തന്റെ ജീവിതത്തില്‍ ഇതുവരെ ഒരു 15 വയസ്സുള്ള കുട്ടിയെ ഇത്രയധികം ഭയന്നിട്ടില്ലെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ചില ആസൂത്രണങ്ങള്‍ നടത്തിയിരുന്നു. അത് ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ജാമിസണ്‍ വ്യക്തമാക്കി.

രാജസ്ഥാന്റെ ഓപ്പണര്‍മാരായ സൂര്യവംശിയെയും, യശ്വസി ജയ്‌സ്വാളിനെയും അദ്ദേഹം പുകഴ്ത്തി. ഇരുവരുമാണ് റോയല്‍സിനെ നയിക്കുന്നത്. ഒരു ഹൈ ഫുള്‍ ടോസില്‍ ഒരാളെ സ്റ്റാര്‍ക്കിനും, യോര്‍ക്കറില്‍ മറ്റൊരാളെ ഔട്ടാക്കാന്‍ തനിക്കും സാധിച്ചു. ഇരുവരെയും നേരത്തെ പുറത്താക്കിയത് ഗുണം ചെയ്‌തെന്നും, പവര്‍ പ്ലേയില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

പിന്തുണച്ച്‌ ലോക്കി ഫെര്‍ഗൂസണ്‍

ഇതൊക്കെ കളിയുടെ ഭാഗമാണെന്നായിരുന്നു പഞ്ചാബ് കിങ്‌സ് താരം ലോക്കി ഫെര്‍ഗൂസന്റെ പ്രതികരണം. കൈല്‍ ജാമിസണ്‍ തന്റെ സുഹൃത്താണ്. വിക്കറ്റ് കിട്ടിയപ്പോള്‍ അദ്ദേഹം ആവേശഭരിതനായി. വലിയൊരു വിക്കറ്റാണ് അദ്ദേഹത്തിന് ലഭിച്ചത്. അത് അത്ര എളുപ്പമായിരുന്നില്ലെന്നും ഫെര്‍ഗൂസണ്‍ അഭിപ്രായപ്പെട്ടു.

ഇത്തരം സെലിബ്രേഷനുകള്‍ കാണാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണെന്ന് താന്‍ കരുതുന്നു. എന്നാല്‍ ഒരു ഗവേണിങ് ബോഡിയുടെ കാഴ്ചപ്പാടില്‍ തനിക്ക് അഭിപ്രായം പറയാനാകില്ല. എന്നാല്‍ കളിയില്‍ പാഷന്‍ ആവേശം കാണിക്കുന്നത് നല്ലതാണെന്ന് ഒരു കളിക്കാരനെന്ന നിലയില്‍ തനിക്ക് പറയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. താരങ്ങള്‍ ആവേശഭരിതരാകുന്നതും, ഇമോഷനുകള്‍ പുറത്തെടുക്കുന്നതും കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോയല്‍സിന് തോല്‍വി

അതേസമയം, മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത റോയല്‍സ് ആറു വിക്കറ്റിന് 225 റണ്‍സെടുത്തു. ഡല്‍ഹി 19.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. 40 പന്തില്‍ 75 റണ്‍സെടുത്ത ഡല്‍ഹിയുടെ കെഎല്‍ രാഹുലാണ് കളിയിലെ താരം.

English Summary

Kyle Jamieson has been handed a demerit point and an official warning following his aggressive send-off to 15-year-old Vaibhav Sooryavanshi during Match No. 43 against the Rajasthan Royals at Sawai Mansingh Stadium. There was criticism after Kyle Jamieso elebrated aggressively after taking the wicket of Vaibhav Sooryavanshi. Kyle Jamieson was found to have breached the code of conduct.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam