ലക്ഷദ്വീപ് വിനോദസഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ആറ് ദ്വീപുകളില്‍ 'വാട്ടർ എയ്റോഡ്രോം' പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതി പാരിസ്ഥിതിക അനുമതി നല്‍കാൻ ശുപാർശ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
മാലിദ്വീപ് മോഡലില്‍ കടലില്‍ നിന്ന് നേരിട്ട് പറന്നുയരാനും കടല്‍ത്തിരമാലകളില്‍ പറന്നിറങ്ങാനും കഴിയുന്ന സീപ്ലെയിൻ സർവീസുകളാണ് ലക്ഷദ്വീപില്‍ യാഥാർത്ഥ്യമാകാൻ പോകുന്നത്. കേരളത്തില്‍ നിന്നും മറ്റ് നാടുകളില്‍ നിന്നും ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച അനുഭവമാകും ഇതിലൂടെ ലഭിക്കുക.
കൊച്ചിയെ ലക്ഷദ്വീപിലെ ആറ് പ്രധാന ദ്വീപുകളായ കവരത്തി, കല്‍പേനി, കില്‍ത്താൻ, കടമത്ത്, മിനിക്കോയ്, അഗത്തി എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സീപ്ലെയിൻ പദ്ധതി. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഈ ദ്വീപസമൂഹത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയെ ഇത് പൂർണ്ണമായും മാറ്റിമറിക്കും. നിലവില്‍ അഗത്തിയിലേക്കുള്ള പരിമിതമായ വിമാന സർവീസുകള്‍ മാത്രമാണുള്ളത്. ഇതുകൂടാതെ കൊച്ചിയില്‍ നിന്നുള്ള നീണ്ട കപ്പല്‍ യാത്രകളെയുമാണ് വിനോദസഞ്ചാരികള്‍ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ പല ദ്വീപുകളിലേക്കും എത്തിപ്പെടുക പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ സീപ്ലെയിനുകള്‍ വരുന്നതോടെ ഈ ബുദ്ധിമുട്ടുകളും കുറയുകയും കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷദ്വീപിലേക്ക് എത്തിച്ചേരാനും സാധിക്കും.
മാലിദ്വീപിലെ സീപ്ലേയിൻ
മാലിദ്വീപിലെ സീപ്ലെയിനുകള്‍ക്ക് സമാനമായ രീതിയിലാകും ലക്ഷദ്വീപിലും പദ്ധതി രൂപപ്പെടുത്തുക. എല്ലാ അനുമതികളും ലഭിച്ചാല്‍, വിനോദസഞ്ചാരികള്‍ക്ക് മിക്ക ദ്വീപുകളിലേക്കും സുഖകരമായി എത്തിപ്പെടാനാകും. മേയ് 13-ന് കൊച്ചിക്കും ലക്ഷദ്വീപിനുമിടയില്‍ ആദ്യത്തെ സീപ്ലെയിൻ പരീക്ഷണ പറക്കല്‍ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗത്തിയില്‍ ആദ്യം ഇറങ്ങിയ വിമാനം പിന്നീട് കവരത്തിക്കടുത്തും സുരക്ഷിതമായി ലാൻഡ് ചെയ്തത് ഈ പദ്ധതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി. കൊച്ചിയില്‍ നിന്നുള്ള യാത്രാസമയം പകുതിയായി കുറയ്ക്കാനും സീപ്ലേയിൻ പദ്ധതിക്ക് സാധിക്കും.
എന്താണ് വാട്ടർ എയ്റോഡ്രോമുകള്‍?
കടല്‍ വിമാനങ്ങള്‍ക്കും ആംഫിബിയൻ വിമാനങ്ങള്‍ക്കും (കരയിലും വെള്ളത്തിലും ഇറങ്ങാൻ കഴിയുന്നവ) സുരക്ഷിതമായി ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ആവശ്യമായ സൗകര്യങ്ങളുള്ള, വെള്ളത്തിന് മുകളില്‍ തയ്യാറാക്കിയ പ്രത്യേക വിമാനത്താവളങ്ങളെയാണ് വാട്ടർ എയ്‌റോഡ്രോമുകള്‍ എന്ന് അറിയപ്പെടുന്നത്. സാധാരണ വിമാനത്താവളങ്ങള്‍ക്ക് കോണ്‍ക്രീറ്റ് റണ്‍വേകള്‍ വേണമെങ്കില്‍, വാട്ടർ എയ്‌റോഡ്രോമുകള്‍ക്ക് 'വാട്ടർ റണ്‍വേ' ആണുള്ളത്. അതായത്, വിമാനങ്ങള്‍ക്ക് ഇറങ്ങാൻ സൗകര്യപ്രതമായ രീതിയില്‍, കൃത്യമായി അടയാളപ്പെടുത്തിയ ജലാശയത്തിലെ ഭാഗം.
വിമാനത്തില്‍ നിന്ന് യാത്രക്കാർക്ക് സുരക്ഷിതമായി ഇറങ്ങാനും കയറാനും ഇവിടെ സൗകര്യമുണ്ടാകും. കടലിലോ കായലിലോ വിമാനം ഇറങ്ങേണ്ട ഭാഗം പ്രത്യേക ഫ്ലോട്ടുകള്‍ ഉപയോഗിച്ച് അടയാളപ്പെടുത്തിയിരിക്കും. യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കും വിശ്രമിക്കുന്നതിനുമായി കരയില്‍ തന്നെ ചെറിയ ടെർമിനലുകള്‍ ഉണ്ടായിരിക്കും. ദ്വീപുകളിലെയും തീരപ്രദേശങ്ങളിലെയും പ്രകൃതി ഭംഗി നശിപ്പിക്കാതെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളോ മറ്റോ ഇല്ലാതെ തന്നെ യാത്രാ സൗകര്യം സുഖപ്പെടുത്താനാകും.
അഗത്തി, കല്‍പേനി, കില്‍ത്താൻ എന്നിവിടങ്ങളില്‍ പ്രതിവർഷം 8,000 യാത്രക്കാർ ലക്ഷദ്വീപിലേക്ക് എത്തിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി യാഥാർത്ഥ്യമായാല്‍ ദ്വീപുകള്‍ക്കിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്ന് മാത്രമല്ല, നിലവില്‍ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളിലേക്ക് യാത്ര എളുപ്പമാവുകയും ചെയ്യും.
English Summary:
Boost to tourism and connectivity, the Centre has moved a step closer to launching seaplane operations across the Lakshadweep archipelago. Network will connect Kochi with six islands-Kavaratti, Kalpeni, Kiltan, Kadmat, Minicoy, and Agatti

