വേനല്‍ക്കാലം എത്തിയതോടെ വിപണികളില്‍ മാമ്പഴങ്ങള്‍ സജീവമായിക്കഴിഞ്ഞു. എന്നാല്‍, കാണാൻ ഭംഗിയുള്ള എല്ലാ മാമ്പഴങ്ങളും കഴിക്കാൻ സുരക്ഷിതമാണെന്ന് കരുതരുത്.
പലയിടങ്ങളിലും അമിത ലാഭത്തിനായി രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങള്‍ ഓർഗാനിക് എന്ന വ്യാജേന വില്‍ക്കപ്പെടുന്നുണ്ട്. ഇത്തരം മാമ്പഴങ്ങള്‍ തിരിച്ചറിയാൻ ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ ഉള്‍പ്പെടെയുള്ളവർ മുന്നറിയിപ്പ് നല്‍കുന്നു.
കാല്‍സ്യം കാർബൈഡ് പോലുള്ള മാരകമായ രാസവസ്തുക്കളാണ് മാമ്പഴം വേഗത്തില്‍ പഴുപ്പിക്കാനായി ഉപയോഗിക്കുന്നത്. മാമ്പഴത്തിന്റെ തിളക്കവും ഭംഗിയും കണ്ട് വഞ്ചിതരാകാതെ, അവ സുരക്ഷിതമാണോ എന്ന് പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാമ്പഴം പ്രകൃതിദത്തമായി പഴുത്തതാണോ എന്ന് അറിയാൻ ചില വഴികളുണ്ട്.
സ്വാഭാവികമായി പഴുത്ത മാമ്പഴത്തിന് എല്ലായിടത്തും ഒരേ നിറമായിരിക്കില്ല. അതില്‍ പച്ചയും മഞ്ഞയും ചിലപ്പോള്‍ ചുവപ്പും കലർന്ന നിറങ്ങള്‍ കാണാം. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചവ ഒരേപോലെ തിളക്കമുള്ള മഞ്ഞയോ സ്വർണ്ണനിറമോ ആയിരിക്കും.
പുറംഭാഗം കണ്ടാല്‍ നല്ലതുപോലെ പഴുത്തതായി തോന്നുമെങ്കിലും മുറിച്ചു നോക്കിയാല്‍ അകവശം പച്ചയായിട്ടോ കടുപ്പമുള്ളതോ ആയിരിക്കും. അസ്വാഭാവികമായ മണമോ രാസവസ്തുക്കളുടെ ഗന്ധമോ ഉണ്ടെങ്കില്‍ അത്തരം മാമ്പഴങ്ങള്‍ ഒഴിവാക്കുക. മാമ്പഴത്തിന്റെ തൊലിയില്‍ അസ്വാഭാവികമായ പാടുകളോ കറുത്ത കുത്തുകളോ ഉണ്ടോ എന്ന് പരിശോധിക്കുക. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. തൊണ്ടവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവ ഉടൻ പ്രകടമായേക്കാം. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്കും ശ്വസനസംബന്ധമായ തകരാറുകള്‍ക്കും ഇത് കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

