Dailyhunt
Maniyanpilla Raju: മോഹൻലാലിനെ 'തൂക്കിക്കൊല്ലാൻ' വിട്ടവനെന്ന് പെണ്ണിന്റെ അച്ഛൻ. കല്യാണത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ മണിയൻപിള്ള രാജു

Maniyanpilla Raju: മോഹൻലാലിനെ 'തൂക്കിക്കൊല്ലാൻ' വിട്ടവനെന്ന് പെണ്ണിന്റെ അച്ഛൻ. കല്യാണത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ മണിയൻപിള്ള രാജു

TV9 Malayalam 6 days ago

സിനിമാ തിരക്കഥകളെ വെല്ലുന്ന ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാറുള്ള മണിയൻപിള്ള രാജുവിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

1984-ല്‍ പുറത്തിറങ്ങിയ അറിയാത്ത വീഥികള്‍ എന്ന സിനിമയിലെ വില്ലൻ വേഷം തന്റെ യഥാർത്ഥ വിവാഹ ആലോചനയെ എങ്ങനെ ബാധിച്ചു എന്ന് അദ്ദേഹം വണ്‍ ടു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവരിച്ചു.

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു കൊലപാതകത്തിന് കാരണക്കാരനാകുന്ന കഥാപാത്രമായിരുന്നു മണിയൻപിള്ള രാജുവിന്റേത്. ചിത്രത്തില്‍ രാജുവിന്റെ ഡ്രൈവറായിട്ടായിരുന്നു മോഹൻലാല്‍ അഭിനയിച്ചത്. സിനിമയിലെ കഥ: രാജുവിന്റെ കഥാപാത്രം ഒരു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടയില്‍ മരണം സംഭവിക്കുകയും, ആ കുറ്റം മോഹൻലാലിന്റെ തലയില്‍ വരികയും ചെയ്യുന്നു. ഒടുവില്‍ മോഹൻലാലിന്റെ കഥാപാത്രത്തെ കോടതി തൂക്കിക്കൊല്ലാൻ വിധിക്കുന്നു.

പെണ്ണുകാണലും പ്രതിസന്ധിയും‌

സിനിമയിലെ ഈ ക്രൂരത കണ്ട പെണ്‍കുട്ടിയുടെ അച്ഛൻ അക്ഷരാർത്ഥത്തില്‍ ഞെട്ടിപ്പോയി. യഥാർത്ഥ ജീവിതത്തില്‍ എനിക്ക് കല്യാണ ആലോചന നടക്കുന്ന സമയമായിരുന്നു അത്. സിനിമാക്കാരന് പെണ്ണു കൊടുക്കില്ല എന്ന വാശിയിലായിരുന്നു വീട്ടുകാർ. ഒടുവില്‍ എന്റെ ഒരു സിനിമ കാണാമെന്ന് അവർ തീരുമാനിച്ചു. അവർ പോയി കണ്ടത് അറിയാത്ത വീഥികള്‍ ആയിരുന്നു. - രാജു പറയുന്നു.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ പെണ്‍കുട്ടിയുടെ അച്ഛൻ ചോദിച്ചത് ഇങ്ങനെയാണ്: ഈ അലവലാതിയെയാണോ കെട്ടാൻ പോകുന്നത്? പാവം മോഹൻലാലിനെ തൂക്കിക്കൊല്ലാൻ കാരണമായത് ഇവനാണ്! സിനിമയും ജീവിതവും തമ്മിലുള്ള വ്യത്യാസം പറഞ്ഞു ബോധ്യപ്പെടുത്തി ഏറെ പണിപ്പെട്ടാണ് ഒടുവില്‍ വിവാഹം നടത്തിയതെന്നും മണിയൻപിള്ള രാജു ചിരിയോടെ ഓർത്തെടുത്തു. മമ്മൂട്ടി, മോഹൻലാല്‍ തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ ചിത്രം ഇന്നും മലയാളി പ്രേക്ഷകർക്കിടയില്‍ ചർച്ചാവിഷയമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam