തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ. വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണർവേകുന്നതിനും, ചെറിയ കാലയളവിലേക്ക് രാജ്യത്ത് എത്തുന്ന സന്ദർശകരുടെ യാത്രാ നടപടികള്‍ എളുപ്പമാക്കുന്നതിനുമായി നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിസ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പോലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറല്‍ ലെഫ്റ്റനൻ്റ് ജനറല്‍ ഹസ്സൻ ബിൻ മുഹ്‌സിൻ അല്‍ ഷ്രെയ്ഖി ഉത്തരവ് പുറത്തിറക്കി. പുതിയ മാറ്റം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ ഈ ഭേദഗതി പ്രാബല്യത്തില്‍ വന്നു.
വിസ നിയമത്തിലെ ആർട്ടിക്കിള്‍ 10-ലാമ്മ് പുതിയ വിഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആർട്ടിക്കിള്‍ 29-ലെ ഔദ്യോഗിക എൻട്രി വിസ പട്ടികയില്‍ ഈ വിസയുടെ ഫീസ് 'പൂജ്യം ഒമാനി റിയാല്‍' എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമപ്രകാരം, യോഗ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് യാതൊരു ഫീസും കൂടാതെ 14 ദിവസത്തെ വിസ ലഭിക്കും. ഈ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ, നിശ്ചിത ഫീസ് അടച്ച് മറ്റ് ടൂറിസ്റ്റ് വിസകളിലേക്ക് ഇത് മാറ്റാനും സന്ദർശകർക്ക് സാധിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ടൂറിസ്റ്റുകളെ കൂടുതല്‍ കാലം രാജ്യത്ത് നിലനിർത്താൻ ഇതിലൂടെ സാധിക്കും. സന്ദർശകരുടെ യാത്ര പദ്ധതികള്‍ക്കനുസരിച്ച് വിസയില്‍ മാറ്റം വരുത്താനും ഇത് സഹായിക്കും.
എന്നാല്‍, ഈ സൗജന്യ വിസയ്ക്ക് അർഹരായ രാജ്യങ്ങളുടെ പട്ടിക അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ ഈ പട്ടിക അധികൃതർ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും ഗള്‍ഫിൻ്റെ തനത് രീതികളും ആസ്വദിക്കാൻ സാധിക്കുന്ന ഒരിടമാണ് ഒമാൻ. അതിനാല്‍ തന്നെ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണിത്. ഗള്‍ഫ് മേഖലയിലെ മലയാളികളുടെയും ഇന്ത്യക്കരുടെയും ഇഷ്ട ഡെസ്റ്റിനേഷനും ഒമാൻ തന്നെ.
അല്‍ ഹജർ പർവതനിരകളും, മണ്‍സൂണ്‍ കാലത്തെ സലാലയിലെ വെള്ളച്ചാട്ടങ്ങളും കാണാൻ ഓരോ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുമ്പോള്‍ ദോഫാർ ഗവർണറേറ്റില്‍ മനസ്സ് തണുപ്പിക്കുന്ന പച്ചപ്പ് നിറഞ്ഞ ഖരീഫ് സീസണാണ്. ഈ വർഷം ജൂണ്‍ 21-ന് ആരംഭിച്ച സീസണ്‍ സെപ്റ്റംബർ 21 വരെ നീണ്ടുനില്‍ക്കും. ബീച്ചുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും പുറമെ നിരവധിപരിപാടികളാണ് ഈ വർഷം സന്ദർശകർക്കായി ദോഫാർ മുൻസിപ്പാലിറ്റി സലാലയില്‍ ഒരുക്കിരിക്കുന്നത്. യു.എ.ഇ നിവാസികള്‍ക്കും, ജി.സി.സിയിലെ മറ്റു രാജ്യങ്ങള്‍ക്കും, ഒമാനിലേക്ക് വിസ ഓണ്‍ അറൈവല്‍, ഇ-വിസ സംവിധാനങ്ങളും ലഭ്യമാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട് പ്രൊഫഷണലുകള്‍ക്ക് മാത്രമേ ഈ സംവിധാനങ്ങള്‍ വഴി ഒമാനിലെത്താനാകു.
English Summary
Oman has introduced a free 14-day tourist visa for citizens of selected countries to boost its tourism sector and simplify travel. While the list of eligible nationalities is yet to be announced, visitors can easily convert this free entry pass into other tourist visa categories before it expires.

