Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുത്തൻ ട്രാക്കുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍! അ‌തിര്‍ത്തിയില്‍ 45000 കോടിയുടെ റെയില്‍വേ പദ്ധതികളുമായി ഇന്ത്യ

പുത്തൻ ട്രാക്കുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍! അ‌തിര്‍ത്തിയില്‍ 45000 കോടിയുടെ റെയില്‍വേ പദ്ധതികളുമായി ഇന്ത്യ

TV9 Malayalam 1 week ago

ന്യൂഡല്‍ഹി: അ‌തിർത്തികളില്‍ അ‌യല്‍ രാജ്യങ്ങള്‍ ഇന്ത്യയെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങള്‍ക്ക് മറുപടിയായി ഇരട്ട നേട്ടമുള്ള പുതിയ തന്ത്രം നടപ്പിലാക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി റിപ്പോർട്ട്.

ചൈന, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റെയില്‍വേ ശൃംഖല ശക്തമാക്കുന്നതിനായി 45,000 കോടി രൂപയുടെ (ഏകദേശം 4.7 മുതല്‍ 5 ബില്യണ്‍ യു.എസ്. ഡോളർ) വൻകിട വികസന പദ്ധതികള്‍ക്ക് ഇന്ത്യ തുടക്കമിടാൻ പോകുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏറെ തന്ത്രപ്രധാനമായ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഇത്തരമൊരു പദ്ധതിക്ക് പ്ലാനിടുന്നത് എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് (Bloomberg) റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അയല്‍രാജ്യങ്ങളായ ചൈന, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയുമായുള്ള അതിർത്തി പ്രദേശങ്ങളില്‍ പുത്തൻ ട്രാക്കുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവ ഉള്‍പ്പെടെ സ്ഥാപിച്ചുകൊണ്ട് അ‌ടിസ്ഥാന റെയില്‍വേ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇതിനായി 45,000 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് എന്നും റിപ്പോർട്ടില്‍ പറയുന്നു.

ഒരു വെടിക്ക് മൂന്ന് പക്ഷികള്‍

ചൈന ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന തങ്ങളുടെ പ്രദേശങ്ങളില്‍ സൈനിക ആവശ്യത്തിനുമുള്ള വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും നിർമിക്കുന്നുണ്ട്. ഈ നീക്കത്തിന് ബദലായിട്ടാണ് ഇന്ത്യ അ‌തിർത്തി കേന്ദ്രീകരിച്ചുള്ള റെയില്‍വേ ശൃംഖല ശക്തമാക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്താനുമായും ബംഗ്ലാദേശുമായും ഇന്ത്യക്ക് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അ‌തിനാല്‍ ഈ ഭാഗങ്ങളുടെ അ‌തിർത്തികളും പുതിയ അ‌തിർത്തി റെയില്‍ പ്രോജക്ടിന്റെ ഭാഗമാകും എന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ഗുണം രണ്ട്

അ‌തിർത്തികളില്‍ റെയില്‍വേ ശൃംഖല ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യ രണ്ട് ഗുണങ്ങള്‍ കാണുന്നു. ഒന്ന് അതിർത്തി പ്രദേശങ്ങളിലെ യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും ഉപകാരപ്പെടും എന്നതാണ്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ഗുണം അത്യാവശ്യ ഘട്ടങ്ങളില്‍ സൈനികരെയും യുദ്ധോപകരണങ്ങളെയും അതിർത്തി മേഖലകളിലേക്ക് വേഗത്തില്‍ എത്തിക്കാൻ പ്രതിരോധ സേനയ്ക്ക് ഈ റെയില്‍പ്പാത ഉപയോഗിക്കാം എന്നതാണ്.

പഞ്ചാബ്, രാജസ്ഥാൻ, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, അസം, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ എന്നിവ ഈ അ‌തിർത്തി റെയില്‍വേ ശൃംഖലയുടെ ഭാഗമാകും. ഇവിടങ്ങളിലെ അ‌തിർത്തികളില്‍ പുതിയ റെയില്‍വേ ട്രാക്കുകള്‍ നിർമ്മിക്കുക, നിലവിലെ റെയില്‍ ശൃംഖല ശക്തിപ്പെടുത്തുക, സ്റ്റേഷനുകളില്‍ കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ നിർമ്മിക്കുക, ഏത് പ്രതികൂല കാലാവസ്ഥയിലും സർവീസ് നടത്താൻ സാധിക്കുന്ന രീതിയില്‍ പാതകള്‍ സജ്ജമാക്കുക എന്നീ വികസനങ്ങളാണ് നടപ്പിലാക്കുക.

അ‌ങ്ങേയറ്റം പ്രാധാന്യം

അ‌തിർത്തികളിലെ റെയില്‍വേ വികസനത്തിന് ഇന്ത്യ അ‌ങ്ങേയറ്റം പ്രാധാന്യം നല്‍കും എന്ന് റിപ്പോർട്ട് പറയുന്നു. അടുത്ത 18 മുതല്‍ 24 മാസത്തിനുള്ളില്‍ ഈ റെയില്‍വേ വികസന പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വർഷത്തേക്ക് രാജ്യം പദ്ധതിയിട്ടിരിക്കുന്ന മൊത്തം റെയില്‍വേ അടിസ്ഥാനസൗകര്യ വികസന ബജറ്റിന്റെ 22 ശതമാനത്തോളം ഈ അതിർത്തി വികസന പദ്ധതിക്കായിട്ടായിരിക്കും വിനിയോഗിക്കുകയെന്നും റിപ്പോർട്ടിലുണ്ട്.

മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഈ നീക്കം തന്ത്രപ്രധാനമായ പ്രതിരോധ സജ്ജീകരണങ്ങള്‍ക്ക് കരുത്തേകും. പ്രതികൂല കാലാവസ്ഥയിലും തടസ്സമില്ലാതെ പ്രവർത്തിക്കുന്ന ഓള്‍-വെതർ റെയില്‍ ശൃംഖല സൈനിക വിന്യാസത്തിലെ താമസം കുറയ്ക്കാൻ ഉള്‍പ്പെടെ സഹായിക്കും. നേരത്തെ പാകിസ്താൻ അതിർത്തി മേഖലകളിലേക്കുള്ള റോഡ് ശൃംഖല ഇന്ത്യ മെച്ചപ്പെടുത്തിയിരുന്നു. കൂടാതെ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പ്പാലം കഴിഞ്ഞവർഷം കശ്മീരില്‍ തുറന്നു, വടക്കു-കിഴക്കൻ‌ സംസ്ഥാനങ്ങളില്‍ പുതുതായി 1700 കിലോമീറ്റർ റെയില്‍വേ ശൃംഖല ചേർക്കുകയും ചെയ്തിരുന്നു.

English Summary

India is set to launch a Rs 45,000 crore (approximately US$4.7 to US$5 billion) mega development project to strengthen its railway network in areas bordering China, Pakistan and Bangladesh, Bloomberg reported. Punjab, Rajasthan, Himachal Pradesh, West Bengal, Assam and other northeastern states will be part of this border railway network.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam