കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ വലിയ തോതില്‍ കൃഷി ചെയ്യപ്പെടുന്ന വിദേശ ഫലവർഗമായ റംബൂട്ടാനില്‍ മണ്ഡരി ബാധ വ്യാപകമാകുന്നു.
ചാലക്കുടി കൂടപ്പുഴ ഭാഗത്തെ തോട്ടങ്ങളിലാണ് നിലവില്‍ ഈ രോഗബാധ രൂക്ഷമായി കണ്ടെത്തിയിട്ടുള്ളത്. ഫെബ്രുവരിയില്‍ പൂവിട്ട്, ഏപ്രില്‍-മേയ് മാസങ്ങളില്‍ കായ്‌കള്‍ വലുതാകാൻ തുടങ്ങുന്ന നിർണായക ഘട്ടത്തിലാണ് റംബൂട്ടാൻ മരങ്ങളെ മണ്ഡരി ആക്രമിക്കുന്നതെന്ന് കർഷകർ പറയുന്നു. (Image Credit source: Getty Images)
കായ കൊഴിച്ചില്‍ കാരണം ഇതിനകം തന്നെ പ്രതിസന്ധിയിലായ കർഷകർക്ക് പുതിയ മണ്ഡരി ബാധ വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ചാലക്കുടി കാർഷിക ഗവേഷണ കേന്ദ്രത്തില്‍ കർഷകർ എത്തിച്ച റംബൂട്ടാൻ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് രോഗത്തിന്റെ വ്യാപ്തി പുറത്തുവന്നത്. കേരള കാർഷിക സർവകലാശാല വെള്ളാനിക്കര കീടശാസ്ത്ര വകുപ്പിലെ അകാറോളജി വിഭാഗം നടത്തിയ പഠനത്തില്‍ റംബൂട്ടാൻ പഴങ്ങളെ നശിപ്പിക്കുന്നത് ‘ഏറിയോഫിഡേ’ കുടുംബത്തില്‍പ്പെട്ട വിരരൂപത്തിലുള്ള മണ്ഡരികളാണെന്ന് കണ്ടെത്തി.
ഒരു ചതുരശ്ര സെന്റിമീറ്റർ ഭാഗത്ത് 450 മുതല്‍ 500 വരെ മണ്ഡരികള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. മൂപ്പെത്താത്ത കായ്കളെയാണ് ഇവ പ്രധാനമായും ലക്ഷ്യമിടുന്നത്. കായ്കളുടെ നീരൂറ്റിക്കുടിക്കുകയും തുടർന്ന് അവയെ പൂർണ്ണമായി ഉണക്കിക്കളയുകയും ചെയ്യും. തുടക്കത്തില്‍ റംബൂട്ടാൻ കായ്‌കള്‍ സാധാരണ പോലെ പച്ചനിറത്തില്‍ രൂപപ്പെടുമെങ്കിലും പകുതി വളർച്ചയെത്തുമ്പോള്‍ കായ്കളുടെ നിറം മാറി തവിട്ടുനിറമാകും.
ക്രമേണ കായ്‌കള്‍ വെയിലേറ്റ് കരിഞ്ഞതുപോലെയാകുകയും, വലുപ്പം വെക്കാതെ മുരടിച്ച് പൂർണ്ണമായി ഉണങ്ങിപ്പോകുകയും ചെയ്യും. ഒരു കുലയിലെ മുഴുവൻ കായ്കളെയും നശിപ്പിക്കുന്ന ഈ കീടങ്ങള്‍, കാറ്റിലൂടെയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ അടുത്ത മരങ്ങളിലെ കായ്കളിലേക്കും വേഗത്തില്‍ പടരുന്നതായാണ് റിപ്പോർട്ട്. മണ്ഡരി ബാധ പടരുന്നത് തടയാൻ കർഷകർ ഉടൻ തന്നെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് കൃഷി വകുപ്പ് നിർദേശിക്കുന്നു.
തോട്ടങ്ങളിലെ പകുതി മൂപ്പെത്തിയ കായ്‌കളില്‍ എന്തെങ്കിലും തരത്തിലുള്ള നിറവ്യത്യാസമുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുക. രോഗം ബാധിച്ച് കൊഴിഞ്ഞു വീഴുന്ന കായകള്‍ മരച്ചുവട്ടില്‍ ഇടാതെ അപ്പപ്പോള്‍ നീക്കം ചെയ്ത് കമ്പോസ്റ്റ് ആക്കുകയോ കത്തിച്ചു കളയുകയോ ചെയ്യുക. ഒന്നിലധികം കുലകളില്‍ നിറവ്യത്യാസം കണ്ടാല്‍ കീടനാശിനി പ്രയോഗം ഉറപ്പുവരുത്തണം.

