തിരുവനന്തപുരം: അങ്ങനെ വാഹനപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച തീരുമാനം വന്നിരിക്കുകയാണ്.
വാഹനങ്ങളുടെ നിറവും രൂപവും ഉള്‍പ്പെടെ മാറ്റാൻ നിബന്ധനകളോടെ അനുമതി നല്‍കിക്കൊണ്ട് മോട്ടോർ വാഹന വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഗതാഗത കമ്മീഷണർ ജി സ്പർജൻ കുമാറാണ് വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എൻജിനും നിറവും വാഹനത്തിന്റെ ചേസിസും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ക്കാണ് ഗതാഗത വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.
വാഹനങ്ങളില്‍ നടത്തുന്ന എല്ലാവിധ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരം അനുമതി വാങ്ങി വേണം ഓരോ മാറ്റങ്ങളും വരുത്താൻ. വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആർ.സി ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യണം. വാഹനത്തിന്റെ നിറം മാറ്റുന്നതും എംവിഡിയുടെ അനുമതിയോടെ വേണം എന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 121 പ്രകാരമോ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനങ്ങള്‍ അനുസരിച്ചു നിരോധിച്ചിട്ടുള്ള നിറങ്ങള്‍ വാഹനത്തില്‍ ഉപയോഗിക്കാൻ പാടില്ല.
പവർകട്ട് അവസാനിക്കുമോ? വൈദ്യുതി പ്രതിസന്ധി നീക്കാൻ നിർണായക പരിഹാര നടപടികള്‍ തുടങ്ങിയെന്ന് സർക്കാർ
നിലവിലുള്ള വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള അതേ സ്പെസിഫിക്കേഷൻ വരുന്ന, അതായത് മോഡല്‍, ക്യൂബിക് കപ്പാസിറ്റി, പവർ തുടങ്ങിയവ ഉള്ള എഞ്ചിനാണ് മാറ്റി വയ്ക്കാൻ കഴിയൂ. ഒരേ നിർമാതാവിന്റെ എഞ്ചിൻ ആയിരിക്കണം ഇത്തരത്തില്‍ മാറ്റിവയ്ക്കേണ്ടത്. ഒരേ സ്പെസിഫിക്കേഷൻ വരുന്ന മറ്റേതെങ്കിലും വാഹനത്തിന്റെ എൻജിൻ മാറ്റിവയ്ക്കുന്നത് അനുവദിക്കില്ല. ഇത്തരത്തില്‍ ചേസിസും മാറ്റാൻ കഴിയും.
വാഹനത്തിന്റെ ഇന്ധന മോഡല്‍ മാറ്റുന്നതിനും പുതിയ ഉത്തരവില്‍ അനുമതി നല്‍കുന്നുണ്ട്. മോഡിഫിക്കേഷൻ സംബന്ധിച്ച് വിശദമായ ഉത്തരവ് ഗതാഗത കമ്മീഷണർ അതാത് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും അയച്ചു നല്‍കിയിട്ടുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഏറ്റവും കൂടുതല്‍ നേരിട്ട ചോദ്യങ്ങളില്‍ ഒന്നായിരുന്നു വാഹന മോഡിഫിക്കേഷൻ ആയി ബന്ധപ്പെട്ടത്. തിരഞ്ഞെടുപ്പ് സമയത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ വാഹന മോഡിഫിക്കേഷൻ യുഡിഎഫ് സർക്കാർ അധികാരത്തില്‍ എത്തിയാല്‍ അനുഭാവപൂർണ്ണം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു.
English Summary
The decision regarding vehicle modifications eagerly awaited by automotive enthusiasts has finally been announced. The Motor Vehicles Department has issued an order permitting changes to the color and appearance of vehicles, subject to specific conditions.

