Dailyhunt
Virat Kohli-Ajitesh Argal: അന്ന് ഇരുവരും സഹതാരങ്ങള്‍; കോലി ഇപ്പോഴും ക്രീസില്‍ തന്നെ; അജിതേഷ് അമ്പയറും

Virat Kohli-Ajitesh Argal: അന്ന് ഇരുവരും സഹതാരങ്ങള്‍; കോലി ഇപ്പോഴും ക്രീസില്‍ തന്നെ; അജിതേഷ് അമ്പയറും

TV9 Malayalam 1 week ago

വിരാട് കോലി എന്ന പേര് ആരാധകര്‍ എന്ന് മുതലാകും ആദ്യം കേട്ടിട്ടുണ്ടാവുക? തീര്‍ച്ചയായും അത് 2008-ലെ അണ്ടര്‍ 19 ലോകകപ്പ് മുതലാകും.

വിരാട് കോലി, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങളെ ആരാധകര്‍ ശ്രദ്ധിച്ച്‌ തുടങ്ങുന്നത് 2008-ലെ അണ്ടര്‍ 19 ലോകകപ്പ് മുതലാണ്. അന്ന് ലോകകപ്പിലുണ്ടായിരുന്ന പലരും പിന്നീട് സീനിയര്‍ ടീമിലെത്തി. കോലി, ജഡേജ, മനീഷ് പാണ്ഡെ തുടങ്ങിയ ഏതാനും പേര്‍ മാത്രമാണ് ഇപ്പോഴും സജീവമായി ക്രിക്കറ്റില്‍ തുടരുന്നത്. ചില താരങ്ങള്‍ക്ക് ക്രിക്കറ്റ് സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ കരിയറില്‍ നിന്നു പിന്‍വാങ്ങേണ്ടി വന്നു. അവരില്‍ പ്രധാനിയാണ് അജിതേഷ് അര്‍ഗല്‍.

അജിതേഷ് അര്‍ഗല്‍ എന്ന പേര് ആരാധകരില്‍ ചിലരെങ്കിലും മറന്നിട്ടുണ്ടാകാം. എന്നാല്‍ ഭൂരിപക്ഷം പേരുടെയും ഓര്‍മപുസ്തകത്തില്‍ നിന്ന് ആ പേര് മായ്ക്കുക അസാധ്യം. അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന കലാശപ്പോരില്‍ അജിതേഷായിരുന്നു കളിയിലെ താരം. വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് അജിതേഷ് പിഴുതെടുത്തത്. അന്ന് അജിതേഷിനെ വരുംകാല താരമായി പലരും വാഴ്ത്തി. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു.

സ്വപ്‌നം പൂവണിയാതെ

അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനം അജിതേഷിന് ഐപിഎല്ലിലേക്ക് വഴി തുറന്നു. 2008-ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ മികച്ചൊരു കരിയര്‍ കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ക്രിക്കറ്റ് പാതിവഴിയില്‍ ഉപേക്ഷിച്ചു. പിന്നാലെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജോലിക്കാരനായി. സ്‌പോര്‍ട്‌സ് ക്വാട്ടയിലായിരുന്നു നിയമനം.

എന്നാല്‍ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം അജിതേഷിനുള്ളില്‍ ബാക്കിയുണ്ടായിരുന്നു. കനലൊരു തരിയെന്ന പോലെ അത് മനസില്‍ ജ്വലിച്ച്‌ തുടങ്ങി. അങ്ങനെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് അജിതേഷ് ശ്രമിച്ചു. പക്ഷേ, കളിക്കാരനായിട്ടില്ല, അമ്പയറായി ഭാഗ്യപരീക്ഷണം നടത്താനായിരുന്നു നീക്കം. ആ ശ്രമം വിജയിച്ചു. ബിസിസിഐയുടെ അമ്പയറിങ് പരീക്ഷ അജിതേഷ് പാസായി. 2023-ലാണ് അജിതേഷ് ബിസിസിഐയുടെ അമ്പയറിങ് പരീക്ഷ ജയിച്ചത്. അങ്ങനെ ഇത്തവണത്തെ ഐപിഎല്ലില്‍ അമ്പയറായി താരം മൈതാനത്തേക്ക് വീണ്ടും ചുവടെടുത്തുവെച്ചു.

കൂട്ടുകാരുടെ കണ്ടുമുട്ടല്‍

രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു അമ്പയര്‍ റോളില്‍ ഈ അണ്ടര്‍ 19 ലോകകപ്പ് ജേതാവ് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം നടന്ന ആര്‍സിബി-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലും അമ്പയര്‍ പാനലില്‍ അജിതേഷും ഇടം പിടിച്ചു. പഴയ കളിക്കൂട്ടുകാരന്‍ കോലി ഇപ്പോഴും ക്രീസില്‍ തുടരുമ്പോള്‍, കൂട്ടുകാരന്റെയടക്കം 'വിധി' പറയാന്‍ അമ്പയറുടെ കുപ്പായത്തില്‍ മറുവശത്ത് അജിതേഷുമുണ്ടായിരുന്നു. ഐപിഎല്ലില്‍ 9,000 റണ്‍സെന്ന അപൂര്‍വ നേട്ടം കോലി സ്വന്തമാക്കുമ്പോള്‍, ആ രംഗത്തിന് അജിതേഷ് സാക്ഷ്യം വഹിച്ചു.

സോഷ്യല്‍ മീഡിയ പോസ്റ്റ്‌

തകര്‍പ്പന്‍ ഷോട്ടുകളുമായി കോലി ആരാധകരുടെ മനം നിറച്ചപ്പോള്‍, ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയതിന്റെ സന്തോഷത്തിലായിരുന്നിരിക്കാം ആ സമയത്ത് അജിതേഷും. എന്തായാലും മത്സരശേഷം പരസ്പരം സൗഹൃദം പങ്കിടാന്‍ പഴയ ചങ്ങാതിമാര്‍ മറന്നില്ല. ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇരുവരും എന്തായിരിക്കാം പരസ്പരം പറഞ്ഞിട്ടുണ്ടാവുക? പഴയ ക്രിക്കറ്റ് ഓര്‍മ്മകളാകുമോ പങ്കുവെച്ചത്? എന്തായാലും ആരാധകര്‍ക്ക് അത് രസക്കാഴ്ചയായി. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

English Summary

Ajitesh Argal was the Man of the Match in the 2008 Under-19 World Cup final. The player later became an umpire. Virat Kohli met his former teammate Ajitesh Argal during the 2006 IPL RCB vs DC match. The footage of their meeting has gone viral.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam