മലയാളിക്ക് പലഹാരങ്ങള്‍ക്കിടയില്‍ എന്നും പ്രിയപ്പെട്ടതാണ് ഉണ്ണിയപ്പം. കാഴ്ച്ചയിലും രുചിയിലും ഒരുപോലെ കൊതിപ്പിക്കുന്ന ഉണ്ണിയപ്പം ശരിയായ രീതിയില്‍ തയ്യാറാക്കിയാല്‍ ദിവസങ്ങളോളം കേടുകൂടാതെയും മൃദുവായും സൂക്ഷിക്കാം.
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ അക്ഷയ മെറിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഉണ്ണിയപ്പത്തിന്റെ റെസിപ്പി താഴെ നല്‍കുന്നു.
തയ്യാറാക്കുന്ന വിധം
5-6 മണിക്കൂർ കുതിർത്തു വെച്ച പച്ചരി നന്നായി കഴുകിയെടുക്കുക. ഇതിലേക്ക് ഒരു കപ്പ് ശർക്കര ലായനിയും നാല് പാളയങ്കോടൻ പഴവും ചേർത്ത് നന്നായി അരച്ചെടുക്കുക. ചെറിയ പഴമാണെങ്കില്‍ എട്ടെണ്ണം വരെ ഉപയോഗിക്കാം. ഒരു പാനില്‍ അല്പം നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തുകള്‍ പൊൻനിറമാകുന്നത് വരെ വറുത്തെടുക്കുക.
തയ്യാറാക്കിയ മാവിലേക്ക് വറുത്ത തേങ്ങാക്കൊത്ത്, എള്ള്, ഏലയ്ക്കപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഉണ്ണിയപ്പ ചട്ടി അടുപ്പില്‍ വെച്ച് ആവശ്യത്തിന് നെയ്യോ എണ്ണയോ ഒഴിച്ച് ചൂടാക്കുക. ഓരോ കുഴിയിലും മാവ് ഒഴിച്ച് പാകത്തിന് വെന്തുകഴിയുമ്പോള്‍ കോരിയെടുക്കാം. നെയ്യിന്റെ സുഗന്ധവും പഴത്തിന്റെ രുചിയും ചേർന്ന ഈ ഉണ്ണിയപ്പം ചൂടോടെയോ ആറിയ ശേഷമോ കഴിക്കാവുന്നതാണ്.

