കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 15 ബൂത്തുകളില്‍ ഇന്ന് റീ പോളിങ്ങ് (West Bengal Assembly Election Repolling). ഏപ്രില്‍ 29ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വൻ ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയതിന് പിന്നാലെയാണ് റീ പോളിങ് നടത്തുന്നത്.
വോട്ടിങ് മെഷീനില്‍ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികളാണ് ഉയർന്നത്. ഇതിന് പിന്നാലെ മഗ്രാഹത്ത് പശ്ചിം, ഡയമണ്ട് ഹാർബർ എന്നീ രണ്ടു മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ഇന്ന് റീ പോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിടുകയായിരുന്നു. ഏപ്രില്‍ 29ന് ഈ ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മഗ്രാഹത്ത് പശ്ചിമിലെ 11 മണ്ഡലങ്ങളും ഡയമണ്ട് ഹാർറിലെ നാല് മണ്ഡലങ്ങളിലുമാണ് ഇന്ന് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച് വൈകിട്ട് ആറ് മണിയോടെ അവസാനിക്കുന്ന രീതിക്കാണ് പോളിങ് നടത്തുക. രണ്ട് ഘട്ടമായിട്ടാണ് ബംഗാളില്‍ നിയമസഭാ വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 23നായിരുന്നു. അതില്‍ ഏപ്രില്‍ 29ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ക്രമക്കേടുകള്‍ ആരോപിച്ചത്.
വോട്ടെടുപ്പ് വേളയില്‍ പല സ്ഥലത്തും വ്യാപക അക്രമം നടന്നിരുന്നു. ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് ബിജെപി പ്രവർത്തകരാണ് രംഗത്തെത്തിയത്. വിവിധ ബൂത്തുകളില്‍ തൃണമൂല്‍ പ്രവർത്തകർ ബിജെപി ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ പ്രവർത്തനരഹിതമാക്കിയെന്നാണ് പ്രധാനമായു ഉയർന്ന ആരോപണം. വോട്ടിങ് മെഷീനില്‍ ബിജെപി, സിപിഎം സ്ഥാനാർഥികളുടെ നേരെയുള്ള ബട്ടണുകളില്‍ ടേപ്പ് ഒട്ടിച്ച വെച്ച് നിലയിലുള്ള ഫോട്ടോ അടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്.
ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഒബ്സർവർമാരുടേയും റിട്ടേണിങ് ഓഫീസരും റിപ്പോർട്ട് നല്‍കുകയും ചെയ്തു. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ്ങിന് ഉത്തരവിറക്കിയത്. രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ 77 ഇവിഎം അട്ടിമറി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 23 പരാതികളില്‍ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസർ മനോജ് അഗർവാള്‍ പറഞ്ഞു.
പശ്ചിമ ബംഗാള്‍ എക്സിറ്റ് പോള്‍
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പശ്ചിമ ബംഗാളിനെ അക്ഷരാർത്ഥത്തില്‍ ഞെട്ടുക്കുന്നതായിരുന്നു. എൻഡിഎയ്ക്ക് വിജയം പ്രവചിച്ചുകൊണ്ടാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നത്. മമത ബാനർജിയില്‍ നിന്ന് ബിജെപിയിലേക്ക് പശ്ചിമ ബംഗാള്‍ എത്തിയേക്കും എന്നതിൻ്റെ സൂചനയാണ് സർവേ ഫലം മുന്നോട്ട് വയ്ക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബംഗാളില്‍ ബിജെപി കാഴ്ച്ചവച്ചിരിക്കുന്നത്.
കാലങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ തട്ടകമായിരുന്ന ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ രീതിയിലുള്ള കോളിളക്കങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല. തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ നടന്ന പല അക്രമണങ്ങളിലും പരാതിയുമായി രംഗത്തെത്തിയത് ബിജെപി പ്രവർത്തകരാണ്. സർവേ ഫലങ്ങളുടെ റിപ്പോർട്ട് പരിശോധിച്ചാല്‍, ബംഗാളിലെ ജനങ്ങള്‍ മമതയെ കൈയ്യൊഴിഞ്ഞ മട്ടാണ്.
ചാണക്യ സ്ട്രാറ്റജീസ് നടത്തിയ എക്‌സിറ്റ് പോള്‍ സർവ്വേയില്‍ ബിജെപിക്ക് 150 മുതല്‍ 160 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എന്നാല്‍ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 294ല്‍ ആകെ 130 മുതല്‍ 140 വരെ സീറ്റുകള്‍ മാത്രമേ സർവ്വേ നല്‍കുന്നുള്ളൂ. മാട്രിസ് നടത്തിയ എക്‌സിറ്റ് പോളില്‍ പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 146 മുതല്‍ 161 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുക. തൃണമൂല്‍ കോണ്‍ഗ്രസിനാകട്ടെ, 125 മുതല്‍ 140 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.
പി മാർക്ക് നടത്തിയ സർവേ ഫലങ്ങള്‍ അനുസരിച്ച്, 294 സീറ്റുകളില്‍ ബിജെപിക്ക് 150 മുതല്‍ 175 സീറ്റുകള്‍ വരെ ലഭിക്കാൻ സാധ്യതയുണ്ട്. വെറും 148 സീറ്റുകളാണ് ഭൂരിപക്ഷം നേടാൻ ആവശ്യമായുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് 118 മുതല്‍ 138 സീറ്റുകള്‍ വരെയേ നേടാൻ സാധിക്കുകയുള്ളൂവെന്നും പി മാർക്ക് എക്സിറ്റ് പോള്‍ റിപ്പോർട്ട് വ്യക്തമാക്കുന്നു.
English Summary:
The Election Commission of India has ordered repolling at 15 polling booths in West Bengal today, May 2, 2026. This Situation occur due to serious complaints of irregularities during the phase of the Election voting.

