Dailyhunt
Women's T20 World Cup 2026: ഹര്‍മന്‍ നയിക്കും, സ്മൃതി വൈസ് ക്യാപ്റ്റന്‍; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഇതാ

Women's T20 World Cup 2026: ഹര്‍മന്‍ നയിക്കും, സ്മൃതി വൈസ് ക്യാപ്റ്റന്‍; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഇതാ

TV9 Malayalam 1 week ago

മുംബൈ, 2-5-2026: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍.

സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാകും. ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം സ്ഥാനം നിലനിര്‍ത്തി. പരിക്കേറ്റ അമന്‍ജോത് കൗറിനെ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതിക റാവല്‍, ഹർലീൻ ഡിയോള്‍, സ്നേഹ് റാണ എന്നിവരാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താ മറ്റ് പ്രമുഖ താരങ്ങള്‍. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമിമ റോഡ്രിഗസ് ഭാരതി ഫുള്‍മാലി എന്നിവരാണ് സ്‌ക്വാഡിലുള്ള സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. റിച്ച ഘോഷ്, യസ്തിക ഭാട്ടിയ എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി ഇടം പിടിച്ചു.

ദീപ്തി ശര്‍മയും, ശ്രേയങ്ക പാട്ടീലുമാണ് ഓള്‍ റൗണ്ടര്‍മാര്‍. ശ്രീ ചരണി, നന്ദനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂർ, ക്രാന്തി ഗൗഡ്, രാധ യാദവ് എന്നിവരാണ് ബൗളര്‍മാര്‍. സ്റ്റാൻഡ്‌ബൈ താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യന്‍ സ്‌ക്വാഡ്‌

ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വർമ്മ, ജെമിമ റോഡ്രിഗസ്, ഭാരതി ഫുള്‍മാലി, ദീപ്തി ശർമ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ശ്രീ ചരണി, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), നന്ദനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂർ, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീല്‍, രാധ യാദവ്.

സ്‌ക്വാഡ് പ്രഖ്യാപനം

പരിക്കേറ്റ അമൻജോത് കൗറിന് പകരമാണ്‌ ഭാരതി ഫുള്‍മാലിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതെന്ന്‌ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വ്യക്തമാക്കി. വനിതാ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ഫുള്‍മാലി, നന്ദനി ശര്‍മ തുടങ്ങിയ താരങ്ങളെ തുണച്ചത്. നന്ദനി ശർമ്മ 10 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. മലയാളി താരങ്ങളായ സജന സജീവന്‍, മിന്നു മണി, ആശ ശോഭന എന്നിവര്‍ക്ക് ഇടം നേടാനായില്ല.

ദീപ്തി ശര്‍മയും, ശ്രീ ചരണിയും, ശ്രേയങ്ക പാട്ടീലും, രാധ യാദവും സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കും. രേണുക സിംഗ് താക്കൂര്‍, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, നന്ദനി ശര്‍മ എന്നിവരാണ് പേസര്‍മാര്‍. യാസ്തിക ഭാട്ടിക ബാക്കപ്പ് കീപ്പറായാണ് ഇടം നേടിയത്. റിച്ച ഘോഷാണ് പ്രധാന കീപ്പര്‍. വനിതാ ടി20 ലോകകപ്പ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കും. ജൂണ്‍ 14-നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഷെഡ്യൂള്‍

ജൂണ്‍ 12-ന് ഇംഗ്ലണ്ടും, ശ്രീലങ്കയും നടക്കുന്ന മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. 13-ന് രണ്ട് മത്സരങ്ങളുണ്ട്. ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡും അയര്‍ലന്‍ഡും ഏറ്റുമുട്ടും. ഓസ്‌ട്രേലിയയും, ദക്ഷിണാഫ്രിക്കയും തമ്മിലാണ് രണ്ടാം മത്സരം. 14-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. 17-ന് നെതര്‍ലന്‍ഡ്‌സ്, 21-ന് ദക്ഷിണാഫ്രിക്ക, 25-ന് ബംഗ്ലാദേശ്, 29-ന് ഓസ്‌ട്രേലിയ എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍. ജൂലൈ അഞ്ചിനാണ് ഫൈനല്‍.

English Summary

The Indian squad for the Women's T20 World Cup has been announced. Harmanpreet Kaur is the captain. Smriti Mandhana is the vice-captain. India's first match is on June 14.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam