ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ആക്രമണം. ബുഷെഹർ ആണവനിലയത്തിനടുത്ത വൈദ്യുത സബ്‌സ്‌റ്റേഷനിലടക്കം ആക്രമണമെന്ന് റിപ്പോർട്ടുകള്‍.
ഹോർമുസ് കടലിടുക്കില്‍ ഇറാൻ ഓരോ കപ്പലുകളെ ആക്രമിക്കുമ്പോഴും, ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ അമേരിക്ക ബോംബിട്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യയിലെ അല്‍ ഷുഖൈഖില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടതായും കപ്പലില്‍ തീപിടുത്തമെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്.
മൂന്നാഴ്ചയ്ക്കിടെ ഇറാനില്‍ 58 പേർ കൊല്ലപ്പെട്ടതായി ഇറാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയും അമേരിക്കയും ആണവ സഹകരണ കരാറില്‍ ഒപ്പുവച്ചതായി യുഎസ് ഊർജ്ജ വകുപ്പ് വ്യക്തമാക്കി. ഇസ്രയേലിന്റെ എതിർപ്പ് അവഗണിച്ചാണ് കരാർ. ഇറാന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ പശ്ചിമേഷ്യയിലൊരിടത്തും സുരക്ഷ ഉണ്ടാകില്ലെന്ന് ഇറാൻ പാർലമെൻറ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് പറഞ്ഞു. പാലങ്ങളും ഊർജ നിലയങ്ങളും ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാൻ. രണ്ട് സൗദി എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി ഹൂതികള്‍.
ഇറാൻ യുദ്ധത്തിന് ഇതുവരെ 3750 കോടി ഡോളർ ചെലവായതായി പെന്റഗണ്‍ യു എസ് സെനറ്റിനെ അറിയിച്ചു. യുദ്ധത്തിനായി 7000 കോടി ഡോളർ വേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് സെനറ്റ് സമിതിക്കു മുന്നില്‍ വച്ച അഭ്യർത്ഥനയില്‍ വ്യക്തമാക്കി. ആക്രമണങ്ങള്‍ക്കിടെ മധ്യസ്ഥരാഷ്ട്രങ്ങളിലൂടെ നയതന്ത്ര ചർച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചിരുന്നു.
Story Highlights : US attack on Iran for the twelfth consecutive day

