ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് സംസാരിക്കണം. കൃഷ്ണേന്ദുന്റെ വലിയ ആഗ്രഹമായിരുന്നു അത്. ഇപ്പോള്‍ ആ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് കുട്ടി.
മാന്നാറില്‍ സിപിഐഎം ഏരിയാ കമ്മറ്റി ഓഫീസ് ഉത്ഘാടന പൊതുയോഗം കഴിഞ്ഞ് വാഹനത്തില്‍ കയറി മടങ്ങുന്നതിനിടെയാണ് കൃഷ്ണേന്ദുവിന്റെ പിതാവ് ജയകുമാര്‍ മകളുമായി പിണറായി വിജയന്റെ വാഹനത്തിന്റെ അടുത്തേക് എത്തിയത്. വാഹനം അടുത്തെത്തിയപ്പോഴേക്കും കൃഷ്ണേന്ദുവിന്റെ പിതാവ് മകളുടെ കൈ പിടിച്ചുയര്‍ത്തി അഭിവാദ്യം ചെയ്യുന്നത് കണ്ട പ്രതിപക്ഷ നേതാവ് വാഹനം നിര്‍ത്തി. ഗ്ലാസ് താഴ്ത്തി കൃഷ്ണേന്ദുവിന് ഹസ്തദാനം നടത്തി സ്‌നേഹാന്വേഷണവും നടത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്.
മാന്നാറില്‍ പിണറായി വിജയന്‍ വരുന്നുണ്ട് എന്ന് നേരത്തെ അറിഞ്ഞ കൃഷ്ണേന്ദു സാഹചര്യം കിട്ടിയാല്‍ സഖാവിനോട് ഒന്ന് സംസാരിക്കണം എന്നുള്ള ആഗ്രഹം തന്നോട് പറഞ്ഞിരുന്നുവെന്ന് ജയകുമാര്‍ പറഞ്ഞു.
ജന്മനാ കാഴ്ച ശക്തിയും ഒരു ചെവിക്ക് കേള്‍വിശക്തിയും ഇല്ലാത്ത കൃഷ്ണേന്ദു സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവാണ്. നല്ല രീതിയില്‍ പാട്ടും ഡാന്‍സും വശമുള്ള കൃഷ്ണേന്ദു ഫ്‌ളവേഴ്സ് കോമഡി ഉല്‍സവത്തിലും പങ്കെടുത്തിട്ടുണ്ട്. തിരുവല്ല ബാലികാ മഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

