നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മനുഷ്യരുടെയും വോട്ട് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്ഡിപിഐ വോട്ട് തള്ളാതെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ബിജെപിക്ക് ഗുണം ചെയ്യുന്ന ഒന്നും ചെയ്യില്ല എന്ന് എസ്ഡിപിഐ പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാടിലേക്ക് ആരെങ്കിലും പോകില്ല എന്ന് പറഞ്ഞാല്‍ അവരെ ഉന്തി തള്ളി അതിലേക്ക് വിടുന്ന നിലപാട് എല്‍ഡിഎഫിന് ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഞങ്ങള്‍ക്ക് വേണ്ടത് മനുഷ്യരുടെ വോട്ട് മാത്രമാണ്. മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം. ഇടതുപക്ഷം പൂർണമായി അഭിമന്യുവിന്റെ കൂടെ, ഘാതകൻ്റെ കൂടെയല്ലെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ആർ ശ്രീലേഖയുടെ ലൗ ജിഹാദ് പരാമർശം കേരളം കണ്ടും കേട്ടും മടുത്ത് മാറ്റിവെച്ച ഇല്ലാകഥയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ശ്രീലേഖ പറയുന്നത് ബിജെപിയുടെ രാഷ്ട്രീയം. അതില്‍ കൂടുതല്‍ ഒന്നും കാണുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
പേരാമ്പ്രയില്‍ എല്‍ഡിഎഫിന് എതിരെയുയർന്ന വർഗീയ പ്രചാരണ ആരോപണത്തില്‍ ബിനോയ് വിശ്വം പ്രതികരിച്ചു. എല്‍ഡിഎഫ് അത്തരം ഒരു പ്രചാരണവും നടത്തില്ല. രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് എല്‍ഡിഎഫിനുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോണ്‍ഗ്രസ് കേരള ഹാൻഡിലില്‍ ചെ ഗുവേരയുടെ ചിത്രം വക്രീകരിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സാംസ്കാരിക അധഃപതനം. ചിത്രം പിൻവലിച്ചു കോണ്‍ഗ്രസ് മാപ്പ് പറയണം. ചിത്രം പിൻവലിച്ചാലെ കോണ്‍ഗ്രസ് നെഹ്റുവിന്റെ പിന്മുറക്കാർ ആകുകയുള്ളൂ. നെഹ്റു സ്നേഹത്തോടെ സ്വീകരിച്ച ചെഗുവരെ പറ്റിയാണ് കോണ്‍ഗ്രസ് നെറികെട്ട ചിത്രം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ വിരുദ്ധത മൂത്താല്‍ ഏതറ്റം വരെ പോകും എന്നുള്ളതിന്റെ തെളിവാണിതെന്ന് ബിനോയ് വിശ്വം വിമർശിച്ചു.
Story Highlights : Binoy Viswam about SDPI vote in Assembly election 2026

