ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരം നിരോധിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ റെഡ്, ഓറഞ്ച് അലർട്ടുകള്‍ പിൻവലിക്കുന്നതുവരെ നിരോധനം തുടരും.
വിനോദസഞ്ചാരികളുടെ അടക്കം യാത്രകള്‍ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് നിലവിലെ തീരുമാനം. ഇടുക്കിയിലേക്ക് അത്യാവശ്യഘട്ടത്തില്‍ അല്ലാതെ യാത്ര ചെയ്യരുത് എന്നും ജില്ലാ ഭരണകൂടത്തിന്റെ നിർദേശമുണ്ട്. മലയോരമേഖലയില്‍ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാത്രി യാത്രകളിലും നിയന്ത്രണം തുടരും.
കഴിഞ്ഞ ഒറ്റ രാത്രി പെയ്ത ദുരിത പെയ്ത്തില്‍ ഇടുക്കി ഒന്നാകെ വിറച്ചു. ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കുടയത്തൂർ അടൂർമലയില്‍ സുമതി എന്ന വീട്ടമ്മയും, വാഗമണ്‍ കോലാഹലമേട് ബന്ധുവീട്ടില്‍ എത്തിയ വൈക്കം സ്വദേശി പ്രഭാകരൻ എന്ന വയോധികനും മരിച്ചു. കൊട്ടാരക്കര ഡിണ്ടുകല്‍ ദേശീയപാതയില്‍ പത്തു മണിക്കൂറില്‍ അധികമാണ് മുണ്ടക്കയം മുതല്‍ കുട്ടിക്കാനം വരെ ഗതാഗതം തടസ്സപ്പെട്ടത്.
ഇന്നലെ രാത്രി എട്ടുമണിക്ക് തുടങ്ങിയ അതിതീവ്ര മഴ, പുലർച്ചെ നാലുമണിവരെ നിർത്താതെ പെയ്തു. കൊട്ടാരക്കര ഡിണ്ടുകല്‍ ദേശീയപാതയില്‍ കടുവപ്പാറയിലാണ് ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് പുല്ലുപാറയില്‍ ഉരുള്‍പൊട്ടി. മുണ്ടക്കയം മുതല്‍ കുട്ടിക്കാനം വരെ 10 ഇടങ്ങളില്‍ മണ്ണിടിഞ്ഞു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പുലർച്ചയോടെയാണ് പുല്ലകയാർ കരകവിഞ്ഞത്. കൊക്കെയാറിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ഏലപ്പാറയിലും , ഉപ്പുതറയിലും, ചപ്പാത്തിലും, വണ്ടിപ്പെരിയാറിലും പുഴയോരത്തുള്ള വീടുകളില്‍ വെള്ളം കയറി.
ഇരുപതോളം വീടുകളാണ് ജില്ലയില്‍ പൂർണമായും തകർന്നത്. 60 ലധികം വീടുകള്‍ ഭാഗികമായി തകർന്നു. പത്തിലധികം ക്യാമ്പുകള്‍ പ്രവർത്തിക്കുന്നുണ്ട്. കൃഷിയും ഗ്രഹോപകരണങ്ങളും വാഹനങ്ങളും ഉള്‍പ്പെടെ നാശനഷ്ട പട്ടികയില്‍ ഉണ്ട്.
Story Highlights : Tourism banned in Idukki

