തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ ഭിന്നത തുടരുന്നു. ഇരട്ടപദവിയെ എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു.
കെപിസിസി പ്രസിഡന്റ് കസേരയിലേക്കുള്ള താത്പര്യം പരോക്ഷമായി പ്രകടിപ്പിക്കുന്നതായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.
കെപിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് എഐസിസി ആണെന്ന് അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തില്‍ മറ്റൊരാള്‍ക്കും കൈകടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എഐസിസിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് എംപിമാര്‍ എന്ന നിലയില്‍ നിങ്ങള്‍ ആരും മത്സരിക്കണ്ട എന്ന തീരുമാനമെടുത്തത്. ആ തീരുമാനം ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി എടുത്തപ്പോള്‍ അത് അക്ഷരാര്‍ഥത്തില്‍ ഞങ്ങളെല്ലാ സ്വീകരിച്ചു. ഇരട്ടപ്പദവി വഹിക്കണ്ട എന്ന് പറയുന്ന നേതാക്കന്‍മാരിരുന്ന സമയത്ത് അവര്‍ ഇരട്ട പദവി വഹിച്ചിട്ടുണ്ട് എന്ന കാര്യം കൂടി പരിശോധിക്കണം. അതല്ലാതെ ഒരു സ്ഥാനം വിട്ടൊഴിഞ്ഞ ശേഷം പിന്നീട് തത്വജ്ഞാനം പറയുന്നതില്‍ അര്‍ഥമില്ല - അദ്ദേഹം പറഞ്ഞു.
കെപിസിസി പുനഃസംഘടന വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തെത്തി. ഇടതുമുന്നണിയിലെ അസംതൃപ്തരെ യുഡിഎഫില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് ഒരു നേതൃത്വം ഇല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ പ്രസിഡന്റ് മന്ത്രിയായി. രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മന്ത്രിമാരായി. അപ്പോള്‍ പാര്‍ട്ടി ഇല്ലല്ലോ. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും പാര്‍ട്ടിയില്ല. ഭരണത്തെയും പാര്‍ട്ടിയേയും സമഭാവനയോടെ കൊണ്ടുപോകാന്‍ രാഷ്ട്രീയ പാരമ്പര്യവും പൈതൃകവുമുള്ള കേരളം മൊത്തമറിയാവുന്ന ഒരു നേതൃത്വമാണ് നമുക്ക് ആവശ്യം. എന്റെ അഭിപ്രായത്തില്‍ അടിയന്തരമായി പാര്‍ട്ടി പുനഃസംഘടിപ്പിക്കണം. അത് അനിവാര്യതയാണ് - അദ്ദേഹം പറഞ്ഞു.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വൈകുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Differences persist among leaders regarding the KPCC president post

