തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനർജിയ്ക്ക് നേരെയുണ്ടായ ആക്രമണം ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിൻ്റെ വിരൂപമായ മുഖമെന്നാരോപിച്ച് രാഹുല്‍ ഗാന്ധി.
ജനാധിപത്യത്തിന് എതിരായ ആക്രമണമാണിത്, കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ ഉടൻ നടപടി എടുക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
ഇന്ന് വൈകിട്ട് സൗത്ത് 24 പർഗാന ജില്ലയിലെ സോണാർപൂർ ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് സംഘർഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ട തൃണമൂല്‍ പ്രവർത്തകൻ്റെ കുടുംബത്തെ സന്ദർശിക്കുന്നതിടെയായിരുന്നു ആക്രമണം ഉണ്ടായത്. ജനശ്രദ്ധ ഒഴിവാക്കാൻ ഇരുചക്ര വാഹനത്തിലാണ് അഭിഷേക് ഗ്രാമത്തിലേക്ക് എത്തിയത്. എന്നാല്‍ വഴിയോരങ്ങളില്‍ തടിച്ചുകൂടിയ നാട്ടുകാർ അഭിഷേകിന് നേരെ കല്ലുകളും മുട്ടയും ചെരുപ്പും എറിഞ്ഞു. ഉന്തും തള്ളുമുണ്ടായപ്പോള്‍ അഭിഷേകിന്റെ ഷർട്ട് കീറി .. കണ്ണട ഒടിഞ്ഞു.
അംഗരക്ഷകർ ഇടപെട്ടാണ് അഭിഷേകിനെ രക്ഷപ്പെടുത്തിയത്. സംഘർഷ സാഹചര്യത്തിലും പ്രദേശത്ത് പൊലീസുണ്ടായിരുന്നില്ല. തനിക്കെതിരെ വധശ്രമമാണ് ഉണ്ടായതെന്നും , ബിജെപിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നുംഅഭിഷേക് ആരോപിച്ചു .ആക്രമണത്തിനെതിരെ ബംഗാള്‍ ഗവർണറെയും കല്‍ക്കട്ട ഹൈക്കോടതിയും സമീപിക്കാൻ ഒരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി.
Story Highlights : Rahul Gandhi responds to attack on Abhishek Banerjee MP

