മണ്ണന്തല ഹസീന കൊലപാതകത്തില്‍ ഭർത്താവ് സുരേഷ് മരിച്ച നിലയില്‍. തമിഴ്നാട്ടില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു.
മൃതദേഹം ചിദംബരം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. തന്റെ ഫോണ്‍ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ടു, ശേഷം ട്രെയിൻ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു. മകളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറില്‍ രക്ഷപ്പെടുകയായിരുന്നു.
നാലാഞ്ചിറ മഠത്തുനട കെ.ആർ.എ. 158 തിരുപ്പതി ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഇവരുടെ ഭർത്താവ് സുരേഷി(46)നുവേണ്ടി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെ 5.45-നാണ് സംഭവം. ഹസീനയും സുരേഷും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായി.
ഒരാഴ്ചയായി ഹസീനയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് മണ്ണന്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മണ്ണന്തല പോലീസ് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിട്ടു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ ഇരുവരും വഴക്ക് തുടർന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൊലപാതകം നേരില്‍ക്കണ്ട ഇവരുടെ മൂത്തമകള്‍ അമൃതാ സുരേഷാണ് ഫോണില്‍ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകത്തിനുശേഷം കത്തി കുളിമുറിയില്‍ കൊണ്ടുപോയി കഴുകിയശേഷം സുരേഷ് കാറില്‍ കടന്നുകളയുകയായിരുന്നു. ഹസീനയും സുരേഷും ഇവരുടെ നാലു മക്കളും ബന്ധുവായ സ്ത്രീയ്ക്കൊപ്പം അഞ്ചുമാസം മുൻപാണ് ഈ വീട്ടില്‍ താമസിക്കാൻ എത്തിയത്.
കൊലപാതകശേഷം ഒളിവില്‍പ്പോയ സുരേഷിനെ കണ്ടെത്തുന്നതിനായി സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ മൊബൈല്‍ഫോണ്‍ കിള്ളിപ്പാലം ഭാഗത്തുനിന്നു കണ്ടെത്തിയിരുന്നു. മകളോട് ഫോണില്‍ ബന്ധപ്പെട്ട് താനും ആത്മഹത്യചെയ്യുമെന്ന് സുരേഷ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
Story Highlights : mannanthala haseena murder case husband suicide

