Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: 23 വര്‍ഷത്തിന് ശേഷം വിധി ഇന്ന്

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: 23 വര്‍ഷത്തിന് ശേഷം വിധി ഇന്ന്

24 News 3 weeks ago

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ അന്തിമവിധി ഇന്ന്. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉള്‍പ്പടെ കേസില്‍ ആകെ 53 പ്രതികള്‍.

പൊലീസ് കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍വയനാട് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി പറയുക 23 വർഷത്തിന് ശേഷം. പ്രതിപ്പട്ടികയിലുള്ള 15 പേർ ഇന്ന് ജീവിച്ചിരിപ്പില്ല.

2003 ജനുവരി 5-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് നേരെ പൊലീസ് നടപടി തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ സമരക്കാർ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോണ്‍സ്‌റ്റബിള്‍ കെ വി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദനാണ് ഒന്നാം പ്രതി. സമരനായിക സി കെ ജാനു ഉള്‍പ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയില്‍.

കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് എറണാകുളം സിബിഐ കോടതിയില്‍നിന്ന് കേസ്‌ കല്‍പ്പറ്റയിലേക്ക്‌ മാറ്റിയത്. പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തി എന്നതിന് ദൃക്സാക്ഷികള്‍ ആരുമില്ല. 2003 ഫെബ്രുവരി 19-ന് സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജോഗി കൊല്ലപ്പെട്ടതില്‍ കൃത്യമായ അന്വേഷണമോ നിയമനടപടിയോ ഉണ്ടായില്ലെന്ന വിമർശനങ്ങള്‍ ഇപ്പോഴുമുണ്ട്.

23 വർഷം പിന്നിട്ട മുത്തങ്ങാ ഭൂസമരവും കേരളത്തെ പിടിച്ചുലച്ച, സമരഭൂമിയിലെ പോലീസ് അരാജകത്വവും വയനാടൻ ചരിത്രത്തിലെ കറുത്ത ഓർമ്മകളാണ്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്തിരുന്ന ആദിവാസി സമരക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തപ്പോള്‍ സമരത്തില്‍ പങ്കെടുത്ത ജോഗിക്ക് ജീവൻ നഷ്ടമായിരുന്നു. 2003 ഫെബ്രുവരി 19-നാണ് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ചോരപുരണ്ട അധ്യായങ്ങളിലൊന്നായ മുത്തങ്ങ വെടിവെപ്പും സംഘർഷവും അരങ്ങേറിയത്. സി.കെ. ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ 47 ദിവസം നീണ്ട മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നടത്തിയ കുടില്‍ കെട്ടിയുള്ള സമരം ഒടുവില്‍ ചോരക്കളിയിലാണ് അവസാനിച്ചത്.

Story Highlights : Verdict in police officer murder during Muthanga land agitation today

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews