പേരാമ്പ്ര മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. സമുദയത്തിൻ്റെ പേരില്‍ വോട്ട് അഭ്യർത്ഥിച്ചുവെന്ന് ആരോപണം.
പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ്ക്ക് നോട്ടീസ്. പേരാമ്പ്ര ROയ്ക്ക് 3 പരാതികള്‍ ലഭിച്ചു. പരാതി നല്‍കിയത് മണ്ഡലത്തില്‍പ്പെട്ട 3 വ്യക്തികളാണ്. പേരാമ്പ്ര മണ്ഡലത്തിന്റെ ഉപവരണാധികാരിയാണ് നോട്ടീസ് നല്‍കിയത്.
മൂന്ന് വ്യക്തികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ട് ആർ ഒ നടപടി സ്വീകരിച്ചത്. ഇന്നലെ ലഭിച്ച പരാതികളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് തെഹ്ലിയക്ക് നോട്ടീസ് ഇഷ്യൂ ചെയ്തതെന്ന് ആർ ഒ വ്യക്തമാക്കി. മണ്ഡലത്തില്‍ എല്‍ ഡി എഫ് പ്രവർത്തകർക്കെതിരായ വർഗീയ അനൗണ്‍സ്‌മെന്റ് വിവാദം പുകയുന്നതിനിടെയാണ് യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെയും സമാനമായ പരാതി രേഖമൂലം റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചത്.
അതേസമയം, പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിനിടെ നടത്തിയ വിവാദ അനൗണ്‍സ്മെന്റില്‍ ടി.പി രാമകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു. അനൗണ്‍സ്മെന്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. മാതൃകാ പെരുമാറ്റചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്.
എന്നാല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. സംഭവത്തില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്നും മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എല്‍ഡിഎഫ് രീതിയല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞിരുന്നു.
Story Highlights : complaint against fathima thahliya in perambra

