ശബരിമലയിലെ മില്‍മ നെയ് ക്രമക്കേട് പ്രഥമദൃഷ്ട്യാ ഗൗരതരമെന്ന് ഹൈകോടതി ദേവസ്വം ബെഞ്ച്. സുതാര്യമായ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയ കോടതി ഇതിനായി വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് നിര്‍ദേശിച്ചു.
അന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അന്തിമ റിപ്പോര്‍ട്ട് കോടതി അനുമതിയോടെ സമര്‍പിക്കാനും നിര്‍ദേശമുണ്ട്. സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍.
ദേവസം സെക്രട്ടറി എം ജി രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടെന്ന് ദേവസമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഉന്നത ഏജന്‍സിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തണമെന്നും ദേവസ്വം സെക്രട്ടറി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ക്രമക്കേടിന് പിന്നില്‍ മില്‍മ ജീവനക്കാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സാമ്പത്തിക ഇടപെടലിന്റെ വ്യാപ്തി. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയില്ലാതെ നെയ് സന്നിധാനത്തേക്ക് കടത്തി വിട്ടത് തുടങ്ങിയ കാര്യങ്ങളില്‍ എല്ലാം ദുരൂഹതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ക്രൈംബ്രാഞ്ച് അടക്കമുള്ള ഉന്നത ഏജന്‍സിയുടെ അന്വേഷണത്തിലൂടെ ക്രമക്കേടിന്റെ പൂര്‍ണ്ണ ചിത്രം തെളിയും എന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. ദേവസ്വം വിജിലന്‍സും ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം തുടങ്ങും. വേലി തന്നെ വിളവ് തിന്നിട്ട് ഉണ്ടാകാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ ജയകുമാറും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Story Highlights : High Court observes that the irregularities regarding Milma ghee at Sabarimala appear serious prima facie

