പുനരധിവാസ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിനും കണ്ണന്‍ ദേവന്‍ കമ്ബനിക്കുമെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പെട്ടിമുടി ദുരന്തബാധിതരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പുനരധിവാസം സംബന്ധിച്ച ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസയച്ചു.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഭൂമി താമസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്ടിമുടി ദുരന്തത്തിനിരയായവര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പെട്ടിമുടിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള കുട്ടിയാറിലാണ് സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലം. മണ്ണിടിച്ചില്‍ സാധ്യതയുള്ള ഇവിടം വാസയോഗ്യമല്ല. 24 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കണമെന്നിരിക്കെ 8 കുടുംബങ്ങളെ മാത്രമാണ് പരിഗണിച്ചത്.
പുനരധിവാസ വിഷയത്തില്‍ കണ്ണന്‍ ദേവന്‍ കമ്ബനിയും സര്‍ക്കാരും ഒത്തുകളിക്കുന്നുന്നതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
അതേസമയം ടാറ്റയുടെ പക്കലുള്ള മിച്ചഭൂമി ഏറ്റെടുത്ത് നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാനപ്പെട്ട ആവശ്യം. ഏക്കറുകണക്കിന് ഭൂമി കമ്ബനി നിയമവിരുദ്ധമായി കൈവശം വച്ചിട്ടുണ്ട്. തോട്ടം ഉടമകളില്‍ നിന്ന് ഭൂമി സ്വീകരിച്ച് പുനരധിവസിപ്പിക്കണമെന്ന ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശയും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജിയില്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷനും ടാറ്റയ്ക്കും നോട്ടിസ് അയയ്ക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

