നുണേശന്‍ എന്ന് മാത്രം വി ഡി സതീശനെ വിളിക്കാന്‍ ഇഷ്ടപ്പെട്ടവര്‍ പോലും ആ മനുഷ്യന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞ ഓരോ പ്രവചനവും ശരിയായി ഫലിച്ചപ്പോള്‍ അദ്ദേഹത്തെ ഉള്ളാലെയെങ്കിലും 'ശരീശനായി' കണ്ട മണിക്കൂറുകളാണിത്.
നൂറിലേറെ സീറ്റുകളിലെ ജയവും ഒരു ഡസന്‍ മന്ത്രിമാരുടെ തോല്‍വിയും ചില ജില്ലകള്‍ അപ്പാടെ തൂക്കിയും വി ഡി സതീശന്‍ പറഞ്ഞത് അച്ചട്ടായി. തദ്ദേശ തിരഞ്ഞെടുപ്പ്, കേരളത്തില്‍ ഈയടുത്ത് നടന്ന പുതുപ്പള്ളിയിലെ ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പുകള്‍ എന്നിവയിലൊക്കെ വിഡിഎസിന്റെ പ്രവചനങ്ങളും പ്രതീക്ഷകളും കൃത്യമായിരുന്നു. ഇത് എന്തെങ്കിലും ഭാഗ്യം കൊണ്ട് സംഭവിക്കുന്നതല്ലെന്നും ചുറ്റുംനടക്കുന്ന ബഹളങ്ങളെ മൈന്‍ഡ് ചെയ്യാതെ ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് നീങ്ങുന്ന ഒരു മിടുക്കനായ സ്ട്രാറ്റര്‍ജിസ്റ്റിനെ വിലകുറച്ച് കാണരുതെന്നും ഈ തിരഞ്ഞെടുപ്പ് ഫലം കൂടി അടിവരയിടുന്നു. (how vd satheesan's vision and strategies lead udf to huge victory)
ടീം യുഡിഎഫിന്റെ ക്യാപ്റ്റനാരെന്ന് അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നെങ്കിലും സിപിഐഎമ്മിന്റെ വളരെ ക്ലിയറായ ടാര്‍ഗെറ്റ് വി ഡി സതീശന്‍ തന്നെയായിരുന്നു. വി ഡി സതീശന്‍ പറഞ്ഞ വാചകങ്ങളിലെ പൊരുത്തക്കേടുകളും അവകാശവാദങ്ങളിലെ നിരര്‍ഥകതയും വെളിച്ചത്ത് കൊണ്ടുവരുന്നുവെന്ന് സൂചിപ്പിച്ച് നുണേശന്‍ എന്ന് അദ്ദേഹത്തെ സിപിഐഎം സൈബര്‍ ഹാന്‍ഡിലുകള്‍ വിളിച്ചു. പല തവണ റിപ്പോര്‍ട്ട് ചെയ്ത് കളഞ്ഞെങ്കിലും വീണ്ടും തോല്‍ക്കാതെ നുണേശന്‍ ഫേസ്ബുക്ക് പേജ് സിപിഐഎം തുടങ്ങിക്കൊണ്ടേയിരുന്നു. എതിരാളികളെ ഡിസ്‌ക്രെഡിറ്റ് ചെയ്ത് അവരുടെ വിശ്വാസ്യത നശിപ്പിച്ച് അവരെ കേള്‍പ്പിക്കാതാക്കുക എന്ന തന്ത്രമാണ് ഇവിടെ സിപിഐഎം പയറ്റുന്നതെന്നായിരുന്നു വി ഡി സതീശന്റെ മറുപടി. പിണറായിയെ നുണറായി എന്ന് പേരിട്ട് വിളിച്ചും അദ്ദേഹം തിരിച്ചടിച്ചു.
യുഡിഎഫ് വയനാടിനെ പറഞ്ഞ് വഞ്ചിച്ചെന്നും വീടുകള്‍ നല്‍കാന്‍ പോകുന്നില്ലെന്നും ഫണ്ട് ക്രമക്കേടിന് വട്ടംകൂട്ടിയെന്നും പറഞ്ഞുള്ള പ്രചാരണം ഏശുമെന്നായിരുന്നു സിപിഐഎമ്മിന്റെ ധാരണ. തങ്ങള്‍ വയനാട് ടൗണ്‍ഷിപ്പ് കൈമാറുമ്പോള്‍ വച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത വീടുകളെക്കുറിച്ച് ഉത്തരമില്ലാതെ കോണ്‍ഗ്രസ് വിയര്‍ക്കുന്നുവെന്നും ജനം ഇത് കാണാതിരിക്കില്ലെന്നും ഇടത് ക്യാമ്പുകള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ശക്തമായി ഇരമ്പി വന്ന ഭരണവിരുദ്ധ വികാരത്തില്‍ ' ഫണ്ടെവിടെ വീടെവിടെ കോണ്‍ഗ്രസേ' എന്ന പാട്ടും ഡാന്‍സും ഒഴുകിപ്പോയി.
വയനാട് വിഷയവും വികസനം പറയാനായെന്ന ആത്മവിശ്വാസവും വി ഡി സതീശനേക്കാള്‍ ഓറയുള്ള നേതാവ് പിണറായി വിജയനെന്ന കരുത്തനെന്ന വിശ്വാസവും മറ്റും പല ഇടതുനേതാക്കളും വി ഡി സതീശന്റെ അവകാശവാദങ്ങളെ വിലകുറച്ച് കാണാന്‍ കാരണമായി. നൂറിലേറെ സീറ്റ് എന്ന് വി ഡി സതീശന്‍ ആവര്‍ത്തിക്കുമ്പോഴും പലരും പരസ്യമായും ഉള്ളാലെയും ചിരിച്ചു. 'ഇത് കേള്‍ക്കൂ, നൂറ് സീറ്റ്… ഞാന്‍ മുമ്പ് ഓരോന്ന് പറയുമ്പോഴും നിങ്ങള്‍ നടക്കില്ല എന്നല്ലേ കരുതിയത്' എന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറയുന്ന വിഡിയോ ക്ലിപ്പ് വീണ്ടും ശ്രദ്ധ നേടുന്നത് ഈ സാഹചര്യത്തിലാണ്. ഒരു ഡസന്‍ മന്ത്രിമാരെ നഷ്ടപ്പെടുമെന്ന് വി ഡി സതീശന്‍ പറഞ്ഞപ്പോള്‍ അതൊരു മുന്നറിയിപ്പായി പലരും കണ്ടില്ല. എന്നാല്‍ പി രാജീവും എം ബി രാജേഷും വി ശിവന്‍കുട്ടിയും ഉള്‍പ്പെടെയുള്ള കരുത്തര്‍ വരെ തോറ്റു. വി ഡി സതീശന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ ആദ്യ റൗണ്ടുകളില്‍ ധര്‍മ്മടത്ത് പിണറായി വിജയന്‍ വരെ പതറി. 12 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് പറഞ്ഞയിടത്ത് 13 പേരാണ് തോറ്റത് എന്നിടത്താണ് ആകെ തനിക്ക് തെറ്റിയതെന്നാണ് വിഡിഎസിന്റെ തഗ്ഗ്. എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകള്‍ തൂത്തുവാരുമെന്ന് വി ഡി സതീശന്‍ പറഞ്ഞെങ്കില്‍ ആറ് ജില്ലകളാണ് എല്‍ഡിഎഫിനോട് കടക്ക് പുറത്തെന്ന് പറഞ്ഞത്. അടുത്ത മുഖ്യമന്ത്രിയായി ആരുവന്നാലും ഞങ്ങള്‍ക്ക് കേരളത്തിനായി ഒരു ബി പ്ലാനുണ്ട് എന്ന വി ഡി സതീശന്റെ വാക്കുകളെ പൂര്‍ണമായി അവിശ്വസിക്കേണ്ട കാര്യമില്ലെന്നാണ് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്.
Story Highlights : how vd satheesan's vision and strategies lead udf to huge victory

