ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാൻ്റില്‍ വൻ സ്ഫോടനം .ലോകത്തിലെ ഏറ്റവും വലിയ എല്‍എൻജി പ്ലാന്റാണിത്. സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ കുറഞ്ഞത് 54 പേർക്ക് പരുക്കേല്‍ക്കുകയും 18 പേരെ കാണാതാകുകയും ചെയ്തു.
റാസ് ലഫാൻ വ്യാവസായിക മേഖലയിലുണ്ടായ സ്ഫോടനം ആഗോള ഊർജ വിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കിയേക്കും. ഇറാൻ ആക്രമണത്തിനു പിന്നാലെ അടച്ചിട്ട പ്ലാൻ്റില്‍ ഞായറാഴ്‌ച രാത്രി പ്രവർത്തനം പുനരാരംഭിക്കാനുള്ള തൊഴിലാളികളുടെ ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്.ഹോർമുസ് കടലിടുക്കില്‍ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്ക് ഇന്ധനം എത്തിക്കാൻ കഴിയാതെ ഖത്തർ ഉല്‍പാദനം നിർത്തിവച്ചിരിക്കുകയായിരുന്നു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളില്‍ ഇറാൻ ഇളവ് വരുത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്ലാൻ്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഖത്തർ ശ്രമം തുടങ്ങിയത്.

