തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയില്‍, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങള്‍ ഒടുവില്‍ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ.
മാണിയുടെ തട്ടകത്തില്‍ അധികാരം നിലനിർത്താൻ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍, വിമതയായി മത്സരിച്ചു വിജയിച്ച മായ രാഹുലിന്റെ പിന്തുണ യുഡിഎഫിന് തേടേണ്ടി വന്നത് വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിമതയായി വിജയിച്ച മായ രാഹുലിനെ ചെയർപേഴ്സണായും, ദിയ ബിനുവിനെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുക്കാനായിരുന്നു ആദ്യ ധാരണ. എന്നാല്‍, ഈ ധാരണ പ്രകാരം ആറുമാസം തികയുന്ന ജൂണില്‍ മായ രാഹുല്‍ രാജിവെക്കുകയും, പകരം ദിയ ബിനുവിന്റെ പിതാവും കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടത്തെ വൈസ് ചെയർമാനായി തിരഞ്ഞെടുക്കാനും തീരുമാനിച്ചിരുന്നു.എന്നാല്‍ കോട്ടാരമറ്റം ബസ് സ്റ്റാൻഡ് കെട്ടിടത്തിന് പിന്നിലുള്ള ഓട്ടോ സ്റ്റാൻഡ് അനുവദിക്കാതെ നിർമ്മിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ ദിയ ബിനുവിന്റെ പുറത്താകലിലേക്ക് നയിച്ചു. കോണ്‍ഗ്രസിലെ നാല് അംഗങ്ങളുടെ പിന്തുണയോടെ ദിയയെ പുറത്താക്കാനുള്ള പ്രമേയം പാസായതോടെ ഭരണസമിതിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതേതുടർന്ന് അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് ഭരണം വീഴുകയും ചെയ്തു.
ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ, കോണ്‍ഗ്രസ് വിമതരുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ മായ രാഹുല്‍ വീണ്ടും നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിനോടുള്ള തന്റെ രണ്ടാമത്തെ തിരിച്ചടി കൂടിയാണ് മായയുടെ ഈ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.ആദ്യം സീറ്റ് നിക്ഷേധിച്ച കോണ്‍ഗ്രസിന് എതിരെ വിമതയായി മത്സരിച്ച് വിജയിച്ചു. ഇപ്പോള്‍ ചെയർപേഴ്സണ്‍ സീറ്റ് നല്‍കാൻ തയ്യാറാകാത്ത യുഡിഎഫിനെ തോല്‍പിച്ച് ആ പദവിയും നേടി.

