തൊടുപുഴ ഇടവെട്ടിയില്‍ ലഹരിമരുന്നുമായി ഡിവൈഎഫ്‌ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്‌ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം.
ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടവെട്ടിയില്‍ നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന ഇവരുടെ കയ്യില്‍ നിന്നും 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ലഹരിക്കെതിരെ നേരത്തെ ശക്തമായ പ്രചാരണം നടത്തിയിരുന്നയാളാണ് ഷിയാസ്. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മുൻപും ഷിയാസിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായും ഡിഎഡിക്ഷൻ സെന്ററില്‍ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും ഷിയാസ് പരാജയപ്പെട്ടിരുന്നു. അറസ്റ്റിലായ നാലുപേരെയും കേന്ദ്രീകരിച്ച് ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍ ലഹരി ഇടപാടുകളില്‍ ഉള്‍പ്പെടുന്ന ഇത്തരംകാരെ അംഗീകരിക്കില്ലെന്നും ഷിയാസ് ഡിവൈഎഫ്‌ഐയില്‍ ഭാരവാഹിത്വമൊന്നും വഹിക്കുന്നില്ലെന്നും ഡിവൈഎഫ്‌ഐ തൊടുപുഴ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

