കൊല്ലം കടവൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാല്‍ക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ രാത്രി മദ്യലഹരിയിലുണ്ടായ സംഘർഷത്തിനിടെയാണ് കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നീട് അത് കൈയാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും മാറുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ രാജുവിനെ സമീപവാസികള്‍ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടതിനാല്‍ പൊലീസ് സുരക്ഷ ശക്തമാക്കി.കേസില്‍ രണ്ടാം പ്രതിയായ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.ഒന്നാം പ്രതിയായ ശ്യാം കുമാറിനായി വിവിധ സ്ഥലങ്ങളില്‍ വ്യാപക തെരച്ചില്‍ പുരോഗമിക്കുകയാണ്.കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനുള്ള ശ്രമവും അന്വേഷണസംഘം തുടരുന്നു.പ്രതികള്‍ തമ്മില്‍ മുൻവൈരാഗ്യമുണ്ടായിരുന്നോയെന്നും കൊലയിലേക്ക് നയിച്ച യഥാർഥ കാരണം എന്താണെന്നും ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്ന് പൊലീസ് അറിയിച്ചു.

