Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

Vararuchi 5 days ago

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി.നിലവിലുള്ള ശിശു പോഷണ ചട്ടങ്ങളിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്താനാണ് തീരുമാനം.

ഇക്കാര്യം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം ഫുഡ് സേഫ്റ്റി അതോറിറ്റി പുറത്തിറക്കി. നിർദേശത്തിൻമേലുള്ള എതിർപ്പുകളും അഭിപ്രായങ്ങളും സമർപ്പിക്കുന്നതിനായി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യകരമായ പോഷകാഹാരം ഉറപ്പാക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം.

നിലവില്‍ 2019ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ചട്ടപ്രകാരം ആകെ അന്നജത്തിൻ്റെ 20 ശതമാനത്തില്‍ കവിയാതെ ലാക്ടോസും ഗ്ലൂക്കോസ് പോളിമറുകളും ഉപയോഗിക്കാൻ അനുവാദമുണ്ട്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ആറ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ സുക്രോസ്, ഫ്രക്ടോസ് തുടങ്ങിയ മധുരപദാർഥങ്ങള്‍ ചേർക്കാൻ പാടില്ല. ആറ് മുതല്‍ 24 മാസം വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള ഭക്ഷണ ഉല്‍പ്പന്നങ്ങളില്‍ അനുവദനീയമായ പരിധിക്കുള്ളില്‍ നിന്ന് പഞ്ചസാര ചേർക്കാവുന്നതാണെന്നും നിർദേശത്തില്‍ പറയുന്നു.

കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ആദ്യത്തെ ആറ് മാസം നിർണായകമാണ്. ഈ ഘട്ടത്തില്‍ മുലയൂട്ടല്‍ മാത്രമാണ് വേണ്ടത്. കമ്പനികള്‍ ഇറക്കുന്ന ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ അമിതവണ്ണം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതിനാല്‍ അനുയോജ്യമായ പോഷകാഹാരം വളരെ പ്രധാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ബഹുരാഷ്ട്ര ഭക്ഷ്യ കമ്പനിയായ നെസ്ലെ, ശിശുക്കള്‍ക്കായുള്ള ഭക്ഷണ ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാര ധാരാളമായി ചേർക്കാറുണ്ട്. അവ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് യൂറോപ്യൻ വിപണികളേക്കാള്‍ ദക്ഷിണേഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാണെന്ന് സ്വിസ് എൻജിഒ ആയ പബ്ലിക് ഐ 2024ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നെസ്ലെയുടെ 25 ഗ്രാം സെറലാക്കില്‍ 2.7 ഗ്രാം അധിക പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും എന്നാല്‍ യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളില്‍ ഇതേ ഉല്‍പ്പന്നം പഞ്ചസാര ചേർക്കാതെയാണ് വിറ്റഴിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പഞ്ചസാര ചേർത്ത ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ രണ്ട് വയസുവരെ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടനയും കർശനമായി നിർദേശിക്കുന്നുണ്ട്. അമിതമായ പഞ്ചസാര ഉപയോഗം അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകാം. ശിശുക്കളുടെ ഭക്ഷണത്തില്‍ അമിതമായ പഞ്ചസാര ഉള്‍പ്പെടുത്തുന്നത് പല്ല് നശിക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi