വടകര: (vatakara.truevisionnews.com) നവീകരണം നടക്കുന്ന ദേശീയപാതയിലെ സർവീസ് റോഡുകള്‍ പാടെ തകർന്നടിഞ്ഞു. പാലോളിപ്പാലം മുതല്‍ അഴിയൂർ വരെയുള്ള ഭാഗങ്ങളില്‍ റോഡിലെ കുഴികള്‍ കാരണം യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്.
കരിമ്പനപ്പാലം, സഹകരണ ആശുപത്രി ജങ്ഷൻ, നാരായണനഗരം, ലിങ്ക്റോഡ് പരിസരം, അടയ്ക്കാത്തെരു എന്നിവിടങ്ങളാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന ഇടങ്ങള്‍ .
കരിമ്പനപ്പാലത്ത് സർവീസ് റോഡിന്റെ ഒരുവശത്തെ പാലത്തിലൂടെ മാത്രമാണ് ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇത് വലിയ തോതില്‍ കുരുക്കിന് കാരണമാകുന്നുണ്ട്. മഴ പെയ്യുമ്പോള്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായിമാറി .
കാല്‍നടയാത്രക്കാരും ജില്ലാ ആശുപത്രിയിലേക്ക് പോകുന്നവരും ചെളിനിറഞ്ഞ റോഡ് മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടുന്നു. ചോറോടു മുതല്‍ കൈനാട്ടി കുറുപ്പാള്‍ ഒന്തം വരെയുള്ള ഭാഗങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
മഴയ്ക്ക് മുൻപ് സർവീസ് റോഡുകള്‍ നന്നാക്കണമെന്ന് വിവിധ സംഘടനകളും തൊഴിലാളികളും ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. തട്ടിക്കൂട്ടി നടത്തിയ അറ്റകുറ്റപ്പണികളെല്ലാം മഴയില്‍ പൊളിഞ്ഞുപോയി.
റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷാ തൊഴിലാളികളും പ്രതിസന്ധിയിലാണ്. ചെറിയ ദൂരത്തേക്ക് പോലും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നതോടൊപ്പം വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് വൻതുക ചെലവാകുന്നുവെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.
#Vadakara#National Highway#Service Road#Traffic Jam#Kerala NHAI

