Dailyhunt
7 വര്‍ഷമായി അവര്‍ക്കായി കളിക്കുന്നു, എന്നിട്ടും അവനെ ഒഴിവാക്കി, അഭിഷേക് ശര്‍മയെ ക്യാപ്റ്റനാക്കാത്തതില്‍ വിമര്‍ശനവുമായി യുവരാജ്

7 വര്‍ഷമായി അവര്‍ക്കായി കളിക്കുന്നു, എന്നിട്ടും അവനെ ഒഴിവാക്കി, അഭിഷേക് ശര്‍മയെ ക്യാപ്റ്റനാക്കാത്തതില്‍ വിമര്‍ശനവുമായി യുവരാജ്

പിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി ഇഷാന്‍ കിഷനെ തിരെഞ്ഞെടുത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്.പരിക്കേറ്റ പാറ്റ് കമ്മിന്‍സിന് പകരം ഇഷാന്‍ കിഷനെ നായകനായി തിരഞ്ഞെടുത്ത ഹൈദരാബാദ് മാനേജ്മെന്റിന്റെ തീരുമാനമാണ് യുവിയെ ചൊടിപ്പിച്ചത്.
തന്റെ ശിഷ്യന്‍ കൂടിയായ അഭിഷേകിനെ അവഗണിച്ചതിനെതിരെ സ്‌പോര്‍ട്‌സ് ടക്കിന് നല്‍കിയ അഭിമുഖത്തിലാണ് യുവരാജ് തുറന്നടിച്ചത്.

'കഴിഞ്ഞ 7-8 വര്‍ഷമായി അഭിഷേക് ശര്‍മ്മ ഹൈദരാബാദിനായി കളിക്കുന്നു. ആ ടീമിനായി തന്റെ ഹൃദയവും ആത്മാവും നല്‍കി മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബ് ടീമിനെ നയിച്ച മികച്ച പരിചയസമ്പത്തും അവനുണ്ട്. എന്നിട്ടും കമ്മിന്‍സിന്റെ അഭാവത്തില്‍ അവനെ ക്യാപ്റ്റനായി പരിഗണിച്ചില്ല എന്നത് നിരാശാജനകമാണ്,' യുവരാജ് സ്‌പോര്‍ട്‌സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സീസണിന് മുന്നോടിയായി അഭിഷേക് നായകനായേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും, അപ്രതീക്ഷിതമായാണ് മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഈ സീസണില്‍ ടീമിലെത്തിയ ഇഷാന്‍ കിഷനെ മാനേജ്മെന്റ് നായകനായി പ്രഖ്യാപിച്ചത്. അഭിഷേകിനെ വൈസ് ക്യാപ്റ്റനായാണ് നിയമിച്ചത്. കിഷന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടിരുന്നു.

ഇതേ അഭിമുഖത്തില്‍ തന്നെ തന്റെ പിതാവ് യോഗ്രാജ് സിംഗ് മുന്‍ നായകന്മാരായ എം.എസ്. ധോണിക്കും കപില്‍ ദേവിനുമെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ യുവരാജ് സിംഗ് പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിതാവിന്റെ ഇത്തരം പ്രസ്താവനകള്‍ തന്നെയും വേദനിപ്പിക്കാറുണ്ടെന്നും ഇത് ശരിയല്ലെന്ന് താന്‍ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam