Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആദിപുരുഷ് പോലെയാകുമോ എന്ന് ഭയം, രാമായണ റിലീസിന് മുൻപ് തങ്ങളെ കാണിക്കണമെന്ന് രാമലീല മഹാസംഘ്

ആദിപുരുഷ് പോലെയാകുമോ എന്ന് ഭയം, രാമായണ റിലീസിന് മുൻപ് തങ്ങളെ കാണിക്കണമെന്ന് രാമലീല മഹാസംഘ്

നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ ബ്രഹ്‌മാണ്ഡ സിനിമയായി ഒരുങ്ങുന്ന രാമായണ പാര്‍ട്ട് വണ്‍ റിലീസിന് മുന്‍പായി തങ്ങള്‍ക്ക് മാത്രമായി പ്രത്യേക പ്രദര്‍ശനം ഒരുക്കണമെന്ന് ശ്രീ രാമലീല മഹാസംഘ്.
ദീപാവലി റിലീസിന് മുന്‍പായി തങ്ങളുടെ പ്രതിനിധി സംഘത്തിന് മുന്നില്‍ സിനിമ പ്രത്യേകമായി പ്രദര്‍ശനം നടത്തണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കി ശ്രീ രാമലീല മഹാസംഘ് പ്രസിഡന്റ് അര്‍ജുന്‍ കുമാര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കത്തയച്ചു.

നേരത്തെ രാമായണം ആസ്പദമാക്കി ബോളിവുഡില്‍ ഒരുക്കിയ ആദിപുരുഷിലെ പല രംഗങ്ങളും സനാതന ധര്‍മ വിശ്വാസികളുടെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. സ്വര്‍ണനിറത്തിന് പകരം കറുത്ത നിറത്തില്‍ ലങ്ക കാണിച്ചതും രാവണനെയും സൈന്യത്തിനെയും വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി കാണിച്ചതും ചര്‍ച്ചയായിരുന്നു. ഇത് സിനിമയുടെ വിജയത്തെ സാരമായി ബാധിച്ചെന്നും കത്തില്‍ പറയുന്നു.

രാമായണ പാര്‍ട്ട് വണ്‍ എന്ന സിനിമയിലും ഹിന്ദുക്കളുടെ മതവികാരങ്ങളെ വൃണപ്പെടുത്തുന്ന രംഗങ്ങള്‍ ഉണ്ടായേക്കാമെന്ന് മഹാസംഘിന് വിവരം ലഭിച്ച സാഹചര്യത്തിലാണ് സിനിമയുടെ പ്രിവ്യൂ തങ്ങള്‍ക്കായി നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും അര്‍ജുന്‍ കുമാര്‍ കത്തില്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ തിയേറ്ററുകളില്‍ ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും മഹാസംഘ് മുന്നറിയിപ്പ് നല്‍കി.

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന സിനിമയില്‍ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. രാവണനായി യാഷും ചിത്രത്തിലുണ്ട്. ഹാന്‍ സിമ്മറും എ ആര്‍ റഹ്‌മാനും ചേര്‍ന്നാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. ഈ വര്‍ഷം ദീപാവലിക്ക് സിനിമയുടെ ആദ്യഭാഗവും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Webduniya Malayalam