മത്സരത്തിന്റെ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ 153 റണ്‍സ് മാത്രമായിരുന്നു ആര്‍സിബിയുടെ സ്‌കോര്‍. പതിനെട്ട് ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത് 207 ആയി ഉയര്‍ന്നു. അപ്പോഴും 250 എന്ന സ്‌കോര്‍ ആര്‍സിബിക്ക് അകലെയായിരുന്നു. എന്നാല്‍ ജാമി ഓവര്‍ട്ടണ്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 30 റണ്‍സാണ് ടിം ഡേവിഡ് അടിച്ചുകൂട്ടിയത്. അന്‍ഷൂല്‍ കാംബോജ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ ടിം ഡേവിഡ് പുറത്തായെങ്കിലും പന്ത് നോ ബോളാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ജീവന്‍ വീണ്ടെടുത്ത ശേഷമാണ് ഡേവിഡ് താണ്ഡവമാടിയത്.
അന്‍ഷൂല്‍ കാംബോജ് എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സ് കൂടി നേടിയതോടെ ആര്‍സിബി 250 റണ്‍സിലെത്തി. അവസാന രണ്ടോവറില്‍ 43 റണ്‍സടിച്ച ആര്‍സിബി അവസാന 5 ഓവറില്‍ നേടിയത് 97 റണ്‍സാണ്. 25 പന്തില്‍ 70 റണ്‍സെടുത്ത ടിം ഡേവിഡും 19 പന്തില്‍ 48 റണ്‍സടിച്ച രജത് പാട്ടീധാറുമാണ് ചെന്നൈ ബൗളര്‍മാരെ നിലം പരിശാക്കിയത്. ദേവ്ദത്ത് പടിക്കല്‍ 29 പന്തില്‍ 50 റണ്‍സും ഫില്‍ സാല്‍ട്ട് 30 പന്തില്‍ 46 റണ്‍സും നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 207 റണ്‍സാണ് നേടിയത്. 25 പന്തില്‍ 50 റണ്‍സുമായി സര്‍ഫറാസ് ഖാനും 29 പന്തില്‍ 43 റണ്‍സുമായി പ്രശാന്ത് വീറും ചെന്നൈ നിരയില്‍ തിളങ്ങി. തോല്‍വിയോടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ.

