ബുധനാഴ്ച മുള്ളന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ 29 പന്തില്‍ 97 റണ്‍സാണ് വൈഭവ് നേടിയത്. 12 കൂറ്റന്‍ സിക്‌സുകളാണ് താരം പറത്തിയത്. ക്രിസ് ഗെയ്ലിനെയും വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും കടത്തിവെട്ടുന്ന പ്രകടനങ്ങളാണ് താരം നടത്തുന്നതെന്നാണ് ശ്രീകാന്ത് പറയുന്നത്. ഞാന്‍ അവനെ ഇനി എന്ത് വിളിക്കണമെന്നാണ് ആലോചിക്കുന്നത്. അവനെ യൂണിവേഴ്‌സ് ബോസ് എന്നോ ക്രിക്കറ്റിലെ ദൈവം എന്നെല്ലാം വിളിക്കണോ?, ക്രിസ് ഗെയ്ല്‍ കരിയറില്‍ ചെയ്തതിനേക്കാള്‍ വലിയ കാര്യങ്ങളാണ് അവന്‍ ചെയ്യുന്നത്. ഈ റെക്കോര്‍ഡുകളൊക്കെ ഭാവിയില്‍ മറ്റാര്‍ക്കെങ്കിലും തകര്‍ക്കുക എന്നത് തന്നെ അസാധ്യമാണ്.
വെറും കണ്ണും പൂട്ടിയുള്ള അടിയല്ല, മറിച്ച് ബുദ്ധിപൂര്‍വമായ ബാറ്റിംഗാണ് വൈഭവ് ചെയ്യുന്നത്. വിവ് റിച്ചാര്‍ഡ്‌സും കപില്‍ ദേവുമെല്ലാം എതിര്‍ നിരയെ തകര്‍ത്ത് തരിപ്പണമാക്കുന്നത് ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. അവരേക്കാള്‍ മുകളിലായാണ് വൈഭവ് കളിക്കുന്നത്. അവര്‍ക്ക് പോലും ഇത്ര സ്ഥിരതയോടെ ബൗളര്‍മാരെ തല്ലിചതയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. 2016 സീസണ്‍ എങ്ങനെ കോലിയുടെ പേരില്‍ അറിയപ്പെടുന്നു അതുപോലെ 2026 സീസണ്‍ സൂര്യവംശിയുടെ പേരില്‍ അറിയപ്പെടുമെന്നും ശ്രീകാന്ത് പറഞ്ഞു.
സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 680 റണ്‍സാണ് വൈഭവ് ഇതിനകം നേടിയത്. ഇന്നലെ ഹൈദരാബാദിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡും താരം തകര്‍ത്തിരുന്നു.

