കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ ശൂന്യമായ മാലിന്യ നിർമാർജന ശൈലിക്കെതിരെ ഹൈക്കോടതി കർശന നിലപാടില്‍.
അടിയന്തരമായി ക്ഷേത്രവും പരിസരവും ശുചീകരിക്കാൻ നിർദേശിച്ച കോടതി, വീഴ്ചകള്‍ ആവർത്തിച്ചാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. മാലിന്യ നിർമാർജനത്തിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടു.
കേസില്‍ ഹാജരായ ഉദ്യോഗസ്ഥരും തങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് പ്രത്യേക സത്യവാങ്മൂലം നല്‍കണം. കേസ് ജൂണ്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് നോഡല്‍ ഓഫീസർ കോടതിയെ അറിയിച്ചെങ്കിലും, നിലവിലെ അവസ്ഥ അതീവ പരിതാപകരമാണെന്ന് കോടതി നിരീക്ഷിച്ചു. സെപ്റ്റിക് ടാങ്കിന് സമീപം കാടുപിടിച്ചു കിടക്കുന്ന അവസ്ഥ കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിലെ പാചകപ്പുര (തിടപ്പള്ളി), കീഴ്ക്കാവിലെ ശൗചാലയം, ക്ഷേത്രക്കുളം, അന്നദാന മണ്ഡപം എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കെട്ടിക്കിടക്കുന്ന ചിത്രങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.പ്രശ്നത്തില്‍ നിന്നും ഉദ്യോഗസ്ഥർ പരസ്പരം ഉത്തരവാദിത്വം ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന സമീപനത്തെ കോടതി രൂക്ഷമായി വിമർശിച്ചു."ഭക്തർക്ക് ആത്മീയാനുഭവം നല്‍കേണ്ട പുണ്യമായ ക്ഷേത്രപരിസരം ഇത്തരത്തില്‍ മലിനമാകുന്നത് ഒരു തരത്തിലും അനുവദിക്കാനാവില്ല.
ക്ഷേത്രസംരക്ഷണം ഉറപ്പാക്കാൻ ദേവസ്വം ബോർഡിന് ബാധ്യതയുണ്ട്." മഹാത്മാഗാന്ധിയുടെ 'ശുചിത്വം ദൈവതുല്യമാണ്' എന്ന വാക്കുകള്‍ ഉദ്ധരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ വിഷയത്തില്‍ കർശന മുന്നറിയിപ്പ് നല്‍കിയത്.
