തിരുവനന്തപുരം : കേരള പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ സ്പെഷ്യല്‍ ഡ്രൈവായ ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൂഫാൻ പദ്ധതിയുടെ ഫലങ്ങളെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാർ യോഗത്തില്‍ എടുത്തുപറഞ്ഞു. പദ്ധതിയുടെ അന്തർസംസ്ഥാന ഏകോപനത്തിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ എസ്പി റാങ്കിലുള്ള ഓരോ നോഡല്‍ ഓഫീസർമാരെ വീതം നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്ന സാഹചര്യങ്ങള്‍ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. അടുത്ത ഘട്ടമായി കേന്ദ്ര ഏജൻസികളെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരെയും ഒന്നിപ്പിച്ചുകൊണ്ട് വിപുലമായ സംയുക്ത പരിശോധനകള്‍ ആരംഭിക്കും.
ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ എല്ലാ മാർഗ്ഗങ്ങളിലൂടെയുമുള്ള ലഹരിക്കടത്ത് തടഞ്ഞ് കേരളത്തെ പൂർണ്ണ ലഹരിമുക്ത സംസ്ഥാനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓപ്പറേഷൻ തൂഫാൻ ശക്തമായതോടെ മയക്കുമരുന്ന് മാഫിയ പുതിയ കടത്തുമാർഗ്ഗങ്ങള്‍ തേടുകയാണെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
ഓണ്‍ലൈൻ വഴിയും കൊറിയർ സർവീസുകള്‍ വഴിയും വ്യാപകമായി ലഹരിമരുന്ന് എത്തുന്നുണ്ട്. ക്യാൻസർ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ പോലും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങി ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയുണ്ട്. ഡോക്ടറുടെ കൃത്യമായ കുറുപ്പടിയില്ലാതെ ഒരു മരുന്നും വിതരണം ചെയ്യാൻ പാടില്ലെന്ന് കർശന നിർദ്ദേശം നല്‍കും.
ഇക്കാര്യത്തില്‍ മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ അതീവ ജാഗ്രത പുലർത്തണം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ആഭ്യന്തര-ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
