കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്കുണ്ടായ ഇറാൻ്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി കുവൈത്ത് സ്ഥിരീകരിച്ചു.
ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും വിമാനത്താവളത്തിലെ ടി1 യാത്രാ ടെർമിനലിന് ഉള്‍പ്പെടെ വലിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. പൂർണ്ണതോതില്‍ നവീകരണം പൂർത്തിയാക്കി വിമാനത്താവളം ഇന്നലെ തുറന്നതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത ആക്രമണം. ആക്രമണത്തെത്തുടർന്ന് തടസ്സപ്പെട്ട വിമാനത്താവളത്തിന്റെ പ്രവർത്തനം പിന്നീട് ഭാഗികമായി പുനരാരംഭിച്ചെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
വിമാനത്താവളത്തിലുണ്ടായിരുന്ന വിമാനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറല്‍ സൗദ് അബ്ദുല്‍അസീസ് അല്‍-ഒതൈബി അറിയിച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സ് തങ്ങളുടെ സർവീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട്. ഇറാൻ്റെ ആക്രമണത്തെ കടുത്ത ഭാഷയിലാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചത്.
തിരിച്ചടിക്കാൻ കുവൈത്തിന് പൂർണ്ണ അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ ആക്രമണങ്ങള്‍ പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണിത്. കുവൈത്തിന്‍റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ചുവപ്പ് രേഖ ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് രാജ്യത്തെ സംരക്ഷിക്കാൻ ഉചിതമായ നടപടികള്‍ സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം കുവൈത്തിനുണ്ട്. അതേസമയം ആക്രമണങ്ങള്‍ ഒന്നിച്ച് നേരിടണം എന്ന് യുഎഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു.
