തിരുവനന്തപുരം : ഓർഡർ ചെയ്ത ചിക്കൻ കറിയുടെ അളവ് കുറഞ്ഞുപോയെന്ന പേരില്‍ ബാർ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.
കോവളം സ്വദേശികളായ ഷാഫി (30), യാസീൻ (25) എന്നിവരെയാണ് പിടികൂടിയത്.
ബൈപാസിന് സമീപമുള്ള ഒരു ബാറില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ ചിക്കൻ കറി ഓർഡർ ചെയ്തിരുന്നു. എന്നാല്‍ മേശപ്പുറത്തെത്തിച്ച കറിയുടെ അളവ് കുറവാണെന്ന് ആരോപിച്ച് ഇവർ ജീവനക്കാരെ മർദ്ദിക്കുകയുമായിരുന്നു.
പരിക്കേറ്റ ജീവനക്കാരൻ ആശുപത്രിയില്‍ ചികിത്സയിലാണ്. പിടിയിലായ ഷാഫി തിരുവല്ലം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്.
