കോഴിക്കോട്: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ടത് നിസ്സാരമായ പരാജയമല്ലെന്നും സംഘടനാപരമായ പോരായ്മകള്‍ ഗൗരവമായി പരിശോധിച്ച് അടിയന്തര തിരുത്തലുകള്‍ വരുത്തണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.
ശൈലജ. 'ചിന്ത' വാരികയില്‍ എഴുതിയ 'തിരിച്ചുവരവ് അനിവാര്യമാണ്' എന്ന ലേഖനത്തിലാണ് അവർ ഈ തുറന്നുപറച്ചിലുകള്‍ നടത്തിയത്.
പാർട്ടി പ്രവർത്തകരുടെ ദൈനംദിന ഇടപെടലുകളും പെരുമാറ്റവും ജീവിതരീതിയും സ്വയം പരിശോധനയ്ക്ക് വിധേയമാക്കണം.ജനങ്ങള്‍ക്കിടയില്‍ എന്തെങ്കിലും തെറ്റായ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തിരുത്താൻ മടിക്കരുത്.ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി തലങ്ങളിലുള്ള സംഘടനാപരമായ വീഴ്ചകളാണ് പരാജയത്തിന് പ്രധാന കാരണം. തോല്‍വിയെക്കുറിച്ച് കൃത്യമായി പഠിച്ച് ഈ ദൗർബല്യങ്ങള്‍ പരിഹരിക്കണം.
ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവ് കാലഘട്ടത്തിന്റെ ആവശ്യമാണ്. പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും, താഴെത്തട്ടിലുള്ള പാർട്ടി സംവിധാനങ്ങളെ കൂടുതല്‍ ഊർജ്ജസ്വലമാക്കാനും അടിയന്തര നടപടികള്‍ വേണമെന്നും കെ.കെ. ശൈലജ ലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.
